സുധ ടീച്ചർ


പച്ച, മഞ്ഞ, ചുവപ്പ്‌, നിറങ്ങളണിഞ്ഞ കുട, കാർട്ടൂൺ കഥാപാത്രങ്ങളാൽ അലംകൃതമായ ബാഗ്‌, പുറത്ത്‌ നിന്ന് ചാറ്റലെറിഞ്ഞ്‌ ഇറയത്തേക്കെത്തി നോക്കുന്ന മഴ, നനഞ്ഞ്‌ കുതിർന്ന് ഒഴുകാൻ മറന്ന കടലാസ്‌ തോണികൾ, സിംഹത്തെ ചുമലിലണിഞ്ഞ്‌ രാജകീയമായി കാത്തിരിക്കുന്ന ലൂണാർ ചെരിപ്പുകൾ, കഴുത്തിൽ മാലയായി മാറിയ വാട്ടർബോട്ടിൽ, വിദ്യാലയത്തിന്റെ ആദ്യദിനത്തിലേക്ക്‌ കുതിക്കുന്ന 1998 ജൂൺ ഒന്നിൽ കുരുങ്ങിയ തിങ്കളാഴ്ച.

കരച്ചിലുകളാൽ സമൃദ്ധമായ അന്തരീക്ഷത്തിലേക്ക്‌ വെളുത്തമുഖത്തെ ചുവപ്പിച്ച പുഞ്ചിരി അണിഞ്ഞ്‌ സുധ ടീച്ചർ. ആ ഓർമ്മകളിലേക്ക്‌ ഊളിയിടാനുള്ള ശ്രമത്തെ വഴി തിരിച്ച്‌ ഭാവനകൾ കാട്‌ കയറുന്നു. നിറം കുടിച്ച മഴയുടെ ചിത്രങ്ങളിൽ കൈ വെച്ച്‌ ടീച്ചർ പാടി “മഴ മഴ മഴ മഴ പെയ്യുന്നു”….

“ആകാശത്തെ പത്തായത്തിൽ തേങ്ങ പെറുക്കിയിടുന്ന മുത്തച്ഛനൊപ്പം” പുറത്തും മഴ ശക്തി പ്രാപിച്ചു.

ഇടിവെട്ടുന്നതിനൊപ്പം പുസ്തകത്തിലെ കടലാസ്‌ തോണികൾ ഒഴുക്കുന്ന കുട്ടികളുടെ ചിത്രങ്ങളിലേക്ക്‌ മഴ ചാറ്റലും എത്തി നോക്കി.
“ഇടവപ്പാതി കഴിഞ്ഞിട്ടും മഴപെയ്യാത്തതെന്താണു

പാറപ്പുറത്തെ പങ്ങുണ്ണി പല്ല തേക്കാത്ത കാരണം”

ടീച്ചർ പഠിപ്പിച്ചതാണു. വേനൽ കടുക്കുമ്പോൾ ഇപ്പഴും അറിയാതെ മൂളിപോകും.

…………………………..

പിന്നെ ഒരിക്കൽ സ്കൂളിൽ വലിയ തിരശ്ശീല കെട്ടി “ഹിറ്റ്‌ ലർ” പ്രദർശ്ശിപ്പിച്ചു. ഒരു രൂപ പിരിക്കാൻ ടീച്ചർ ക്ലാസിൽ വരുന്ന ചിത്രമാണു ഈ സിനിമ എന്ന് കാണുമ്പോഴും മനസ്സിൽ തെളിയുക.
വർഷങ്ങളെ ഭക്ഷണമാക്കി ഭൂതകാലം മുന്നിട്ട്‌ കൊണ്ടിരുന്നു. യൂപി ക്ലാസ്സുകളുടെ അതിർത്തിയായ ഏഴാം ക്ലാസ്സിൽ “പഗോഡ” കളെ കുറിച്ച്‌ ടീച്ചർ പഠിപ്പിച്ചതാണു ഓർമ്മകളിൽ അവസാനത്തേത്‌.

വിദ്യാലയങ്ങൾക്കിപ്പോഴും മനസ്സിൽ സുധ ടീച്ചറുടെ മുഖമാണു. പഠിപ്പിച്ച, എന്നിൽ സ്വാധീനം ചെലുത്തിയ ഒരുപാട്‌ അധ്യാപകരുണ്ട്‌ സ്കൂളിലും, കോളേജിലും…

അവർക്കൊപ്പം മുൻ നിരയിൽ തന്നെയാണു ടീച്ചറിന്റെ സ്ഥാനവും.

ഇന്നലെ വർഷങ്ങൾ പേറിയ ബസ്‌ സ്റ്റോപ്പിൽ സുധ ടീച്ചർ നിൽക്കുന്നത്‌ കണ്ടു. ആ പുഞ്ചിരിക്ക്‌ പോലും ഒരു മാറ്റോം വന്നിട്ടില്ല. ടീച്ചറോട്‌ സംസാരിക്കണമെന്ന് കരുതിയെങ്കിലും കാൽ ചലിച്ചില്ല, ചിലപ്പോൾ ടീച്ചർ പഠിപ്പിച്ച്‌ വിട്ട ആയിരം മുഖങ്ങളിൽ ഒന്ന് മാത്രമായിരിക്കും ഞാൻ, നീണ്ട വർഷങ്ങൾ മറവിയിലേക്ക്‌ തള്ളിയിട്ട മുഖം. തടഞ്ഞ്‌ നിന്ന ചിന്തകളെ വകഞ്ഞ്‌ മാറ്റി നടന്നപ്പോഴേക്കും

സർക്കാർ വക വണ്ടി മുന്നിൽ മറ സൃഷ്ടിച്ചു…

ബസ്സ്‌ കടന്നു പോയപ്പഴേക്കും സ്റ്റോപ്പിൽ ശൂന്യത ഇടം പിടിച്ചിരുന്നു…

3 thoughts on “സുധ ടീച്ചർ

Add yours

Leave a reply to Athul മറുപടി റദ്ദാക്കുക

Create a free website or blog at WordPress.com.

Up ↑