നിരോധനങ്ങള്‍ക്കിടയിലെ നോമ്പ്


IMG_6159
പള്ളിയുടെ നിശാ ചിത്രം

വര്‍ഷാവര്‍ഷം മാധ്യമങ്ങളില്‍ സ്ഥാനം പിടിക്കുന്ന വാര്‍ത്തയാണ് “ചൈനയില്‍ നോമ്പ് നിരോധിച്ചു” എന്നത് . ഗവണ്മെന്റ് ഉദ്യോഗസ്ഥര്‍ , വിദ്യാര്‍ഥികള്‍ , അധ്യാപകര്‍ തുടങ്ങിയവരെ ഉദ്ദേശിച്ചാണ്  ഈ നിരോധം എന്നാണ് ഇവിടത്തെ  ഔദ്യോഗിക ഭാഷ്യം , വിദ്യാഭ്യാസത്തിനു പ്രത്യേക പ്രാധാന്യം നല്‍കുന്നത് കൊണ്ട് . ഇക്കാലയളവില്‍  കുട്ടികള്‍ക്ക് വേണ്ട പോഷകങ്ങള്‍ കിട്ടില്ല, അധ്യാപനത്തില്‍ ഏഗാഗ്രത കിട്ടില്ല എന്നൊക്കെയാണ് ന്യായം . അത് വേറൊരു ചര്‍ച്ച.

”കേച്വാ ”, ഷാഓഷിംഗ്; ചൈനയുടെ ടെക്സ്റ്റയില്‍ സിറ്റി എന്നറിയപ്പെടുന്ന സുന്ദരമായ നഗരം, ഏകദേശം 2000 ത്തോളം ഇന്ത്യക്കാര്‍ ,അതില്‍ താഴെ പാകിസ്ഥാനികള്‍   യമനികള്‍ , ഇറാനികള്‍ മറ്റ് രാജ്യക്കാര്‍  നിവസിക്കുന്നിടം. മറു രാജ്യക്കാരുടെ  4 ഓളം പള്ളികള്‍ ഇവിടുണ്ട്   , യമനി , പാകിസ്ഥാനി…. തുടങ്ങിയവ. ചൈനീസ് പള്ളികള്‍ ഒന്നും ഞാനിവിടെ കണ്ടിട്ടില്ല.

ഓരോ രാജ്യക്കാര്‍ക്കും പ്രത്യേകം കൂട്ടായ്മകളുണ്ട്  , നമ്മള്‍ മലയാളികള്‍ക്ക് പ്രത്യേകിച്ചും “മാക്” (മലയാളി അസോസിയേഷന്‍ ചൈന ) ,ഇന്ത്യയില്‍ നിന്നുള്ളവരുടെ  ഇന്ത്യന്‍ കമ്യൂണിറ്റി ഓഫ് കെച്വ , പിന്നെ  പാകിസ്ഥാന്‍ അസോസിയേഷന്‍ ചൈന അങ്ങനെ പോകുന്നു ..

നോമ്പിന് ഇവിടെ ദൈര്‍ഘ്യം കൂടുതലാണ് , സുബ്ഹി 3.20 നും മഗ്രിബ് 7 മണിയോടടുത്തും .സാധാരണ  യമനി മസ്ജിദിലാണ് നോമ്പ് തുറക്കാന്‍ പോകുന്നത്. നല്ല അറേബ്യന്‍ വിഭവങ്ങളും , പഴവര്‍ഗങ്ങളും അടങ്ങിയ മധുര പലഹാരങ്ങളും അടങ്ങിയ ഇഫ്താര്‍ . ഓരോ നാട്ടിലും ഓരോ തരത്തിലാണ് നോമ്പ് തുറ. നാട്ടില്‍ ( എറണാകുളം) ചില പള്ളികളില്‍ സമൂസയും നാരങ്ങാ വെള്ളവും , ചിലയിടങ്ങളില്‍ തരിക്കഞ്ഞി , ജീരക കഞ്ഞി , കപ്പ പുഴുക്ക് , അങ്ങനെ പോകുന്നു ലിസ്റ്റ്. നോമ്പ് തുറക്ക് ശേഷം തറാവീഹ് കൂടി യമനി പള്ളിയില്‍  കഴിഞ്ഞാണ് മടക്കം.

വുഷിന്‍ വരെ പോകേണ്ടി വന്നപ്പോഴാണ്  ചൈനീസ് പള്ളിയില്‍ നോമ്പ്  കൂടാന്‍ പറ്റിയത് , കണ്ട് ശീലിച്ച  ഇഫ്താറുകളില്‍ നിന്ന്‍ തികച്ചും വ്യത്യസ്ഥമായത്. ഗ്രീന്‍ ടീ ,ഈത്തപ്പഴം , തണ്ണിമത്തന്‍ , ഷമാം.. പള്ളിയുടെ ഗ്രൌണ്ട് ഫ്ലോറിലെ ഒരുഹാളില്‍ തീന്‍ മേശയില്‍ മനോഹരമായി ഇവ ഒരുക്കി വച്ചിരിക്കുന്നു മുകള്‍ നിലയിലാണ് നിസ്കാര ഹാള്‍ . നോമ്പ് തുറക്കാന്‍ കുടുംബവുമായാണ് പലരും എത്തിയിട്ടുള്ളത് സ്ത്രീകളും പുരുഷന്മാരും ,കുട്ടികളും.. കുട്ടികളുടെ ഓട്ടവും ചാട്ടവും കരച്ചിലും ചേര്‍ന്ന അന്തരീക്ഷത്തില്‍ പ്രാര്‍ത്ഥന നിരതമായിരിക്കുന്ന മുതിര്‍ന്നവര്‍. വരുന്ന അതിഥികളെ ഇരിപ്പിടം കാണിച്ച് കൊടുക്കുന്നവര്‍ … ഇടയില്‍ രൂപ-വേഷാദികളില്‍  തികച്ചും വ്യത്യസ്ഥരായി രണ്ട് പേര്‍ ഞാനും എന്റെ വാപ്പയും .

പ്രാര്‍ത്ഥനകളോടെ ഞങ്ങളും ആ കൂട്ടത്തിലേക് ചേര്‍ന്നു. ബാങ്ക് വിളിക്കായുള്ള നിമിഷങ്ങള്‍ക്ക് മണിക്കൂറുകള്‍ ദൈര്‍ഘ്യം തോന്നിപ്പിച്ച്  സെക്കന്ഡ് സൂചി നടക്കുന്നു. നാട്ടില്‍ മുഅദ്ദിന്‍ / മുക്രി മൈക്കില്‍ തട്ടുന്ന ശബ്ദത്തിനൊപ്പം തന്നെ നോമ്പ് തുറക്കുള്ള പ്രാര്‍ത്ഥനയും ചേര്‍ത്ത് ഈത്തപ്പഴം കഴിക്കലാണ്.   പ്രതീക്ഷകള്‍ വിരുദ്ധമായി ബാങ്കിനു പകരം നോമ്പ് തുറക്കുള്ള പ്രാര്‍ത്ഥന ഉച്ചത്തില്‍ ഇമാം ചൊല്ലുകയും മറ്റുള്ളവര്‍ ഏറ്റു ചൊല്ലാനും തുടങ്ങി. നാളത്തെ നോമ്പിനുള്ള നിയ്യത്ത് കൂടി വെപ്പിച്ചാണ് പ്രാര്‍ത്ഥന അവസാനിച്ചത്… അങ്ങനെ നോമ്പ് തുറന്നു.

അറബി ഉച്ചാരണത്തിലും അവര്‍ക്ക് അവരുടേതായ ശൈലികളുണ്ട്… അവിടെ തന്നെയുള്ള മുസ്ലിം  ഭക്ഷണ ശാലയുടെ നോമ്പ് തുറയായിരുന്നു അന്ന്‍, പള്ളിയില്‍. മഗ്രിബ് നമസ്കാരാനന്തരം എല്ലാവരും അങ്ങോട്ട്‌ പോയീ.. ബീഫ് നിരോധന വാര്‍ത്തകള്‍കൊപ്പം  നല്ല ബീഫും പരമ്പരാഗത ചൈനീസ് ശൈലിയിലുള്ള ഭക്ഷണവും , നാട്ടിലെ ബീഫ് നിയന്ത്രണത്തെ പറ്റി ഇമാം ചോദിച്ചപ്പോള്‍. കേരളം വേറെ ലെവലാണേന്ന്‍ പറഞ്ഞു സൂപ്പിലേക്ക് ലയിച്ചു , മാറ്റ്‌ മാംസങ്ങളെ അപേക്ഷിച്ച് ഇവിടെ ബീഫിനാണ് വില .

ചൈനീസ് ശൈലിയിലുള്ള ഹലാല്‍ ഫുഡ് കണ്ടെത്തുക എന്നത് ശ്രമകരമാണ്. ആകെ ഉള്ള രക്ഷ ഇത്തരം അവസരങ്ങളും , ബുദ്ധ ഭക്ഷണ ശാലകളുമാണ്.

ശേഷം തിരിച്ച് പള്ളിയിലേക്ക് പോയി തറാവീഹ് കൂടി. . പ്രാര്‍ത്ഥന നിരതമായ ലൈലത്തുല്‍ ഖദറിന് വഴിയൊരുക്കി, ഒരു നോമ്പ് കൂടി വിട പറഞ്ഞു.

IMG_6158
വുഷിയിലെ ചൈനീസ് – മുസ്ലിം റെസ്റ്റോറന്റ്

അന്റെ ഒരു വാട്ട്സാപ്പ്


സഞ്ജയന്റെ ശുനകഗീതം , ഖലീൽ ജിബ്രാന്റെ കൊടുങ്കാറ്റുകൾ , ഷർട്ട് , ഫോണിന്റെ ചാർജർ എല്ലാവരും ബാഗിൽ അവരുടെ സ്ഥലം കണ്ടെത്തിയപ്പോഴേക്കും ഫോൺ ചിലച്ചു.
“ഹലോ ,
ഡാ… നിന്റെ തീരുമാനത്തിൽ മാറ്റമൊന്നുമില്ലല്ലോ ”
“ബസ് യാത്ര എന്തായാലും പറ്റില്ലെടാ ഞാൻ ശർദ്ധിക്കും , അതുറപ്പാ …”
“ട്രെയിനെങ്കിൽ ട്രെയിൻ , ഞാൻ എറണാകുളം നോർത്തിൽ നിന്ന് കയറും ”
“ഞാൻ തൃശൂരിൽ നിന്ന് കേറാം ”
വേതാളം കണക്കെ ബാഗ് ചുമലിലേക്ക് വലിഞ്ഞ കയറി.
എറണാകുളത്തേക് ബസ്സ് പിടിച്ചപ്പോഴേക്കും വഴിയിൽ ഇരുട്ടിറങ്ങി തുടങ്ങിയിരുന്നു.

“യാത്രിയോം കൃപയാ ധ്യാൻ ദീജിയെ…”
“പ്രഭാതത്തിൻ പൊൻ കിരണമായ്… ”
“ചായ് ചായ് കാപ്പി കാപ്പി…”

മുംബൈയിലേക്കുള്ള ബികാനെർ എക്സ്പ്രസ്സ് , വായുവിനൽപം ഇടം കൊടുത്ത് തിങ്ങി നിറഞ്ഞ ബോഗികളുമായി വരുന്നതും കാത്ത് ഒരു വൻ ജനാവലി പ്ളാറ്ഫോം പൊതിഞ്ഞിരുന്നു.
കോഴിക്കോട് വരെ നിന്ന് യാത്ര ചെയ്യണമെന്നാലോചിച്ചപ്പോ തന്നെ അവനുള്ള തെറി മനസ്സിൽ വീർപ് മുട്ടി.
യുവർ അറ്റെൻഷൻ പ്ലീസ്
ബഹളങ്ങൾക്കിടയിൽ നേർത്ത് തുടങ്ങിയ ശബ്ദം
മുമ്പിലേക്ക് കിതച്ചെത്തിയ ട്രസ്റയിനിനെ ആൾക്കാർ പൊതിഞ്  കഴിഞ്ഞു…
ഭാഗ്യം
ഗുരുവായൂർ പാസഞ്ചറായിരുന്നു…
കേറിയവരിൽ അക്കിടി പറ്റിയ ചിലർ വിളിച്ച് പറഞ്ഞപ്പോ കേറിയതിൽ പാതിയും തിരിച്ചിറങ്ങി…
കാത്തിരിപ്പിനു കുറച്ച് നിമിഷങ്ങൾ കൂടി നീട്ടി കിട്ടിയിരിക്കുന്നു …

എതിരെ ഉളള പ്ലാറ്റുഫോമിലേക്ക് ഏതോ ഒരു തീവണ്ടി വന്ന നിന്നു…
അതിന്റെ ബോഗികളിലേക്ക് മഞ്ഞ വെളിച്ചം തെറിപ്പിച്ച് ബികാനെർ പ്ലാറ്റഫോമിലേക്ക് തല നീട്ടി..
സീറ്റൊപ്പിക്കാനുള്ള വ്യഗ്രതയിൽ അനേകം പേർക്കൊപ്പം പാളം ചാടി കടന്ന് ഞാനും എതിർ വശത്ത് കൂടെ കയറി പറ്റി…
4 പേരെ അഡ്ജസ്റ് ചെയ്യിച്ച് അവരുടെ പ്രാക്കിനെ മനസ്സാ വരിച്ച് കൊണ്ട് 5 ആമനായി ഞാനിരുന്നു..
ഇതേ പ്രക്രിയ തുടർച്ച എന്നോണം എല്ലാ ബോഗികളിലേക്കും പടർന്നു…
ജിബ്രാന്റെ കൊടുങ്കാറ്റുകൾക്കുള്ളിൽ തല പൂഴ്ത്തി തനിച്ചെന്ന നാട്യം കൊണ്ട് ശരീരം മൂടി ….
ഇടയ്ക്കെപ്പഴോ മയങ്ങി…

തൃശൂരെത്തിയപ്പോൾ അവൻ കേറി എന്നു ഫോൺ വിളിച്ച് ഉറപ്പ് വരുത്തി…
വീണ്ടും കണ്ണടച്ചു…

“ചായ്… കാപ്പി… വട… വടേയ് …”

“ഷൊർണ്ണൂർ സ്റ്റേഷൻ നിങ്ങളെ സ്വാഗതം ചെയ്യുന്നു….”
ശബ്ദം നേർത്ത് തുടങ്ങി…
വടയിലും ചായയിലും പൊതിഞ്ഞ ശബ്ദങ്ങൾക്കിടയിലൂടെ ഊളിയിട്ട് പുറത്തേക്കിറങ്ങി
വിശപ്പ് മൂത്ത വയറിനെ 2 വടയിലും ഒരു ചായയിലും തളച്ചിട്ടു…

പുസ്ത്കങ്ങൾ ബാഗിലേക്ക് വീണ്ടും കയറി…
ആരോടും സംസാരിക്കാൻ തോന്നാത്തത് കൊണ്ട് പിന്നെയും ഉറക്കത്തിനു പുറകെ പാഞ്ഞു..
ആൾക്കാർ ബർത്തിൽ നിന്ന് ചാടി ഇറങ്ങുന്ന ശബ്ദം കേട്ടാണ് ഉറക്കം ഉടഞ്ഞത്…
കോഴിക്കോട്…

പുറത്ത് തന്നെ അവൻ കാത്ത് നില്പുണ്ടായിരുന്നു..
“നിനക്ക് സീറ്റ് കിട്ടിയാർന്നോ?”
“കയറീപ്പോ തന്നെ കിട്ടീ..”
“അതാ നിന്നെ തിരഞ് നടക്കാതിരുന്നത്…”
“നടുവന്നൂരാണ് നമുക്കെത്തേണ്ടത്..
കെ എസ്  ആർട്ടി സീന്ന് കുറ്റിയാടി ബസ്സ് കിട്ടും… അതിൽ കയറാം”

 

12 മണി കഴിഞ്ഞിരിക്കുന്നു …
1.30 നാണു ബസ്സ് …
പ്രീപെയ്ഡ് ഓട്ടോ പിടിച്ച് സ്റ്റാന്റിലേക് വിട്ടു..
തിരക്കിനെ തിന്ന് തീർത്ത വഴികളിലൂടെ ഓട്ടോ ഊളിയിട്ടു…
സ്റ്റാൻഡ് അടുത്ത് തുടങ്ങിയപ്പോഴേക്കും അത്രേം നേരം മൗനം പുതച്ചിരുന്ന റോഡ് ശബ്ദങ്ങളിൽ നനഞ്ഞു.

ബസ്സ് കാത്തിരിക്കുന്ന യാത്രക്കാർ, വീടുകളിലേക്ക് മടങ്ങുന്നവരെ പ്രതീക്ഷിച്ച് ഓട്ടോകൾ , തിരക്ക് വിട്ട് മാറാതെ ഹോട്ടലുകൾ, വെട്ടം പൊതിഞ്ഞ കോഴിക്കോട് നഗരം…
ബസ് 1.30 നു തന്നെയാണെന്ന് സ്റ്റേഷൻ മാസ്റ്ററെ കണ്ടുറപ്പിച്ചു…
ശക്തമായി കാറ്റിനെ ഗര്ഭം ധരിച്ച ഫാനിനു മുന്നിൽ ഒഴിയാത്ത ഇരിപ്പിടങ്ങളിലേക്ക് നെടുവീർപ്പിട്ട് രണ്ട് മൗനങ്ങളായി ഞാനും അവനും.

കല്യാണത്തിന് നടുവണ്ണൂരെത്തിയിരിക്കാൻ സാധ്യതയുള്ള കൂട്ടുകാരുടെ ലിസ്റ്റ് എടുക്കാൻ തുടങ്ങിയത് മറന്ന് തുടങ്ങിയ കലാലയ ജീവിതത്തിലേക്ക് തിരിച്ച് പോക്കായി…
1.30 നു വരേണ്ട ബസ് 2.15 ആയപ്പോൾ എത്തിച്ചേർന്നു…
തിരക്കിനിടയിലും 2 സീറ്റ്
തരപ്പെടുത്താൻ കഴിഞ്ഞതായിരുന്നു ഏക ആശ്വാസം…
ചേട്ടാ രണ്ട് നടുവണ്ണൂർ …

കണ്ടക്ടർ ഒരു റൌണ്ട് ചുറ്റി വന്നപ്പോഴേക്കും ബസ്സിനുള്ളിൽ ഉറക്കം പടർന്നിരുന്നു.
നിശബ്ദതയും പേറി കിടക്കുന്ന റോഡിലൂടെ , അരിച്ചിറങ്ങുന്ന തണുപ്പിനിടയിൽ രണ്ട് മഞ്ഞ പ്രകാശങ്ങളായി ബസ്സ് വേഗം കണ്ടെത്തി.

നടുവണ്ണൂരെത്തും മുന്നേ ഉറക്കം ഉണർന്നത് കൊണ്ട് കൃത്യം അവിടെ തന്നെ ഇറങ്ങാൻ പറ്റി.
വൈദ്യുതി വിളക്കുകളുടെ വെളിച്ചത്തിൽ ഇരുട്ടിനെ നഷ്ടപ്പെട്ട നടുവണ്ണൂർ.

“ഡാ കല്യാണവീടെവിടാ …”
“ആ …
അവന്മാരെ വിളിച്ച് നോക്ക് ”

നേരത്തെ എത്തിയ എല്ലാ കൂട്ടുകാരെയും നിരത്തി ദയാൽ ചെയ്തു രാത്രി 3 മണി കഴിഞ്ഞിരിക്കുന്നു

ആര് ഉണർന്നിരിക്കാൻ

അവസാനം ഒരുത്തൻ ഫോൺ എടുത്ത്..
അവനാണേൽ സ്ഥലം പരിചയമില്ലെന്ന്..
വാട്സ്പ്പിൽ ലൊക്കേഷൻ അയക്കാന്നും പറഞ്ഞു ഫോൺ കട്ട്ചെയ്തു.

കൂട്ടുകാരന്റെ ഫോൺ ഒന്ന് മിന്നി

ഡാ ലൊക്കേഷൻ വന്നു

ഗൂഗിൾ മാപ്പിൽ ലൊക്കേഷൻ സെറ്റ് ചെയ്ത് വന്ന വഴിയിലേക്ക് തന്നെ തിരിച്ച് നടപ്പ് തുടങ്ങി.

ഇടക്കിടെ വെട്ടം തെറിപ്പിച്ച് വാഹനങ്ങൾ കടന്ന് പോകുന്നതൊഴിച്ചാൽ തീർത്തും നിശബ്ദമായ അന്തരീക്ഷം
വിജനമായ വഴി.
എല്ലാരും ഉറക്കത്തിന്റെ മൂർദ്ധ ധന്യാവസ്ഥയിൽ നിൽകുമ്പോൾ രണ്ടെണ്ണം റോഡിലൂടെ …

ഇതിന്റെ വല്ല കാര്യോമുണ്ടോ?
സംസാരങ്ങൾക്കിടയിൽ ഇടക്കിടെ കയറി വരുന്ന മൗനം തന്നെ ഭയപ്പെടുത്തുന്നതാണ്…

പെട്ടെന്ന് !
എവിടെന്നോ ഒരു നായ മുന്നിൽ വന്നു
തെരുവ് നായ കടിച്ച് കൊന്ന വാർത്തകളിലേക്ക് സംസാരത്തെ നയിച്ച് അവൻ മറഞ്ഞു..
ലൈറ്റുകളാൽ അലംകൃതമായ ഒരു വീട് കണ്ടു..
എടാ ഇനി ഇതാണോ കല്യാണ വീട് ?
ഏയ് ലോക്കേഷൻ ഇതല്ല കാണിക്കുന്നത്…
നടത്തം പിന്നെയും തുടർന്നു…
അവസാനം ലൊക്കേഷനെത്തി…
ഇലകളുടെ ഷേപ്പിൽ നിന്ന് കപ്പത്തോട്ടം ആണെന്ന് തിരിഞ്ഞു..
“ഡാ ലൊക്കേഷൻ തെറ്റാ…”

ലൊക്കേഷൻ അയച്ച് തന്നവനെ പ്രാകി കൊണ്ട് തിരിച്ച് നടക്കാൻ തുടങ്ങി…

“ദാ… മുന്നിൽ അടുത്ത പട്ടി…”

“ഡാ ഓടിയാലോ?”

“വേണ്ടെടാ..”

പിന്നാലെ 5 എണ്ണം കൂടി ചേർന്ന്..
പിന്നെ ഒരോട്ടം ആയിരുന്നു..
വിളിച്ചത് ആരെയാണെന്നോർമ്മയില്ല…
ഒരു കടത്തിണ്ണ ചാടി കടന്ന് വീണു…
നായകൾക്ക് മറയായി കടത്തിണ്ണ നിന്നത് കൊണ്ട് ഞാൻ രക്ഷപ്പെട്ട്…
മുകളിലൂടെ ഒരു വവ്വാൽ പറന്നു.
ഇനി തോന്നിയതാണോ ആവോ…

ഒപ്പം ഓടിയവനെ കാണുന്നില്ല…
ഭയം പിടി മുറുക്കാൻ തുടങ്ങീ….
ഫോണിൽ അവന്റെ നമ്പർ ഡയൽ ചെയ്തു…
“എടാ വല്ലതും പറ്റിയോ ”
“ഏയ് …”
“നിനക്കോ …”

ലൊക്കേഷൻ അയച്ച് തന്നവനെ വിളിച്ചു…

“അന്റെ ഒരു വാട്സാപ്പ്…
@#$%%^&&@*”

വേറെങ്ങും സ്ഥലം ഇല്ലാഞ്ഞിട്ട് നടുവണ്ണൂർ പോയി പട്ടീടെ കട്ടിയും വാങ്ങി വന്നേക്കുന്നോ?
എന്ന ചോദ്യത്തീന്നും കൂടി രക്ഷ നേടാനായതിലും , പിറ്റേന്നത്തെ പത്രത്തിൽ ന്ജെളിഞ്ഞിരിക്കേണ്ടി വരുന്ന ഗതികേടിൽ നിന്നും രക്ഷപ്പെടാനായതിലും ആശ്വാസം കണ്ടെത്തി…
റൂമിലെത്തി അവനു ബാക്കി ഉളളത് കൂടി കൊടുത്തു…

“ഡാ ജീ പീ എസ് ബോയ്… ഗൂഗിൾ അലവലാതി” ( ശേഷം ചിന്ത്യം)

 

 

തലക്കക്ഷണം : നട്ട പാതിരായ്ക്ക് ഗൂഗിൾ മാപ്പ് ഉപയോഗിച്ച് നടക്കാൻ നിൽക്കരുത് , it may injurious to health

കുത്തിക്കുറിച്ച അക്ഷരക്കൂട്ടുകൾ , ഹൈക്കു കവിതകൾ


1

പെയ്തൊലിച്ച മഴയ്കൊപ്പം

പുഴയും കടലിറങ്ങി പോയ്‌…

ഒരു വേനൽ ദു:ഖം കൂടി തീർത്ത്‌കൊണ്ട്‌…

.

.

2

“നീ”എന്നൊരൊറ്റയക്ഷരത്തിൽ

നിയന്ത്രണംകൊരുത്തിട്ടപട്ടം

.

.

3

കടലിനെ കൊള്ളയടിച്ചത്‌

തിരികെകൊടുക്കാൻ ശ്രമിക്കുന്ന വാനം

.

.

4

“ഴ”ക്ക്‌ മുന്നിൽ

“മ”കയറിവരുമ്പോൾ

 ആയുസ്സ്‌കൂടുന്നവൾ

.

.

5

ഇലയിൽതൂങ്ങിയ മഞ്ഞ് തുള്ളിക്കൊപ്പം

പച്ചപ്പുംചവച്ചരക്കാൻ തുടക്കമിട്ടവൻ…

.

.

6

വറ്റിതീർന്നപുഴ

ഉണങ്ങിപൊടിഞ്ഞവേരിനോട്‌ :

“കാത്തിരിക്കുക”

.

.

7

വാക്കുകളെതടവിലിട്ട്‌

വെട്ടത്തെചവിട്ടിപുറത്താക്കി

ഇരുളിൽ ഒറ്റക്കിരുന്നവൻ…

.

.

8

മരംപറഞ്ഞത്‌…

വിത്തിനുള്ളിലേക്ക്‌ ചുരുങ്ങിയിരിക്കുകയാണ്

നിന്റെമൗനമുടയുന്ന നിമിഷം

ഭൂമി തുളച്ച്‌ തലയുയർത്താൻ

.

.

9

“നാം”

എന്നതിന്നിരുപുറം

കൂടുകൂട്ടിയവരാണു ഞാനും നീയും…

.

.

10

#പ്രണയം

മരിച്ചിട്ടും മറവിയിൽ മറമാടിയിട്ടും…

ഒരു മയിൽ പീലി കണ്ടാലുടൻ

പെയ്യുന്നു നിന്റെ ഓർമ്മ…

.

.

11

#മഴ

വെയിൽ ചവച്ചു തുപ്പിയപുഴയുടെ ,ജഡത്തിലെത്തുവാനാകാതെ .

കോണ്ക്രീറ്റ് കാടുകളിൽ , തല തല്ലി ചത്തുകിടപ്പുണ്ട് ,

ഇന്നലെ പെയ്ത ഒരുകുടം തുള്ളികൾ

.

.

12

വെള്ളം ചുമന്നിരുന്നു

എന്നരോർമ്മയിൽ ജീവിക്കുന്ന

പുഴകളുണ്ടിവിടെ…

പുകയിലലിഞ്ഞ്


പടിഞ്ഞാറൻ കാറ്റിൽ തൂങ്ങി ഇറയത്തേക്കൊന്നെത്തിനോക്കി മഴ മുറ്റത്തേക്കിറങ്ങി. ചുമ്പിച്ച്‌ വിട്ട പേപ്പർ ആ ലഹരിയിൽ തറയിലേക്കൊന്ന്
അമർന്നു. ആർ ദ്രമാവാൻ തുടങ്ങിയ അന്തരീക്ഷത്തിലേക്ക്‌ മൊയ്തുക്കയുടെ ചുമ വന്നലച്ചു,

ഒന്ന് പുകക്കണം ഉള്ളിലേക്ക്‌ ചൂടിറക്കണം എന്ന ചിന്തയിൽ ഇറയത്ത്‌ കുന്തിച്ചിരുന്നു.ഇറങ്ങി പോയ മഴക്ക്‌ പിറകേ ഇറക്കിയ എന്റെ ലൂണാർ ചെരിപ്പ്‌ രാജകീയമായി ആ മുറ്റത്ത്‌ തന്നെ വന്ന് നിന്നു. അടുത്ത ജെട്ടിയിലേക്ക്‌ ബോട്ടടിപ്പിക്കും മുമ്പേ മൊയ്തുക്ക നീട്ടി വിളിച്ചു. ഡാ ഇവിടെ വാടാ…

നീ കടയിൽ പോയി 4 ബീഡി വാങ്ങി കൊണ്ട്‌ വാ…

ബാക്കി പൈസക്ക്‌ മിഠായീം വാങ്ങിച്ചോ…

എത്തിനോക്കിയ സൂര്യൻ പിറകിലേക്ക്‌ മറഞ്ഞ്‌ മാനം ചെറുതായി ചിണുങ്ങാൻ തുടങ്ങി…

കടയിലേക്ക്‌ ഏത്‌ മിഠായി വാങ്ങണം എന്ന കൺ ഫ്യൂഷനിൽ ഞാൻ നടന്നു…

ബീഡി വാങ്ങിയപ്പോഴേക്കും സ്ഫടിക ഭരണിയിൽ ഓറഞ്ചിലും മഞ്ഞയിലും മുങ്ങി നിന്ന നാരങ്ങാ മിഠായിയിൽ കണ്ൺ കുരുങ്ങി.

ആദ്യം മഞ്ഞ പിന്നെ ഓറഞ്ച്‌ എന്ന ക്രമത്തിൽ മിഠായ്‌ വായിലേക്ക്‌ വീണു തുടങ്ങി…

3 എണ്ണം വയറ്റിലേക്കിറങ്ങിയപ്പോഴേക്കും മൊയ്ദുക്കാടെ വീടെത്തി…

അന്ന് മുതൽക്ക്‌ ബീഡി എത്തിക്കാൻ ഞാൻ മൽസരിച്ചു…
ടീവിയിൽ നടന്മാർ വലിച്ച്‌ തള്ളുന്ന സിഗരറ്റുകളെ അനുകരിച്ച്‌ കടലാസ്‌ , ഈർക്കിലി എന്ന ക്രമത്തിൽ എന്റെചുണ്ടുകളിലും ബീഡി സ്ഥാനം കണ്ടെത്തി…

മുറ്റത്ത്‌ നിന്നിരുന്ന ആഞ്ഞിലിയുടെ തിരി ഞങ്ങൾ കൊതുകിനെതിരെ സമരമുറയായി പുകക്കുമായിരുന്നു…

പിന്നെ പിന്നെ  ഞാനും എന്റെ കൂട്ടുകാരനും കൂടി ആ തിരി പയ്യെ കത്തിച്ച്‌ പുക വായിലാക്കി പുറത്തേകൂതി നോക്കി..

ആദ്യത്തെ ശ്രമത്തിൽ പുക കേറീല്ല രണ്ടാം ശ്രമത്തിൽ പുക മാത്രമല്ല കവിളും കൂടി പൊള്ളിയതോടെ ആ പരിപാടി ഉപേക്ഷിച്ചു.

പിന്നെ ചവറു കൂട്ടിയിട്ട്‌ കത്തിക്കുമ്പോ അതിനിടയിൽ കയറി നിന്ന് പുകക്കിടയിലൂടെ പുറത്തേക്ക്‌ വരും പുക വായിലെടുക്കാൻ ശ്രമിച്ച്‌ ചുമച്ച്‌ തള്ളിയതോടൊപ്പം ഉമ്മ തല്ലാനിട്ടോടിച്ചതോടെയാണു പുക പരിപാടി പൂർണ്ണമായി ഉപേക്ഷിച്ചത്‌…

അവസാനം നാരങ്ങമിഠായിക്കുള്ള ഹേതുവായത്‌ കൊണ്ട്‌ മാത്രം മൊയ്തുക്കാടെ പുകവലിക്ക്‌ കനത്ത സപ്പോർട്ടുമായി നിന്നു…

നാൾക്കു നാൾ നാരങ്ങാ മിഠായീടെ എണ്ണം കൂടി വന്നു ഒരു ദിവസം നീട്ടി ഒരു ചുമ കേട്ടൂ… ഇപ്പോ എന്നെ വിളിക്കും എന്ന് കരുതി ചെന്ന എന്റെ മുമ്പിൽ ആ ശരീരം നിശ്ചലമായ്‌ കിടന്നു…

മാനം അടുത്ത മഴക്ക്‌ കോപ്പ്‌ കൂട്ടുന്നുണ്ടായിരുന്നു…

കറുത്ത്‌ തുടങ്ങിയ പുകപടലങ്ങളായ്‌ മേഘങ്ങൾ നിരന്നു ഞണ്ടിന്റെ രൂപത്തിൽ ഒരു മേഘം പാഞ്ഞ്‌ പോയി…

കനത്ത ചുമയോടെ ആകാശം പെയ്ത്‌ തുടങ്ങി…

ഒരു മിന്നലും…

മോക്ഷം


“അവന്‍ തന്നെയാണ് ഞാന്‍, ഞാന്‍ തന്നെയാണ് നീ”

 

പറവൂർ നിന്ന് ബൈക്കിൽ വീട്ടിലേക്ക്‌ മടങ്ങുന്നതിനിടെ, മൂളികൊണ്ടിരുന്ന പാട്ടിനെ മുറിച്ച്‌ മുളക്‌ ബജി എന്ന് വാക്ക്‌ പുളഞ്ഞു. എന്നാപിന്നെ ചെറായി ബീച്ചിലേക്ക്‌ പോയി അവ്ടന്ന് കഴിക്കാമെന്ന് വെച്ചു. ഇരുവശവും വെള്ളം നിറഞ്ഞ്‌ നിൽക്കുന്ന കെട്ടുകളും അടുത്ത ഇരയെ പ്രതീക്ഷിച്ചിരിക്കുന്ന ചീനവലകളും പുറകിലാക്കി വണ്ടി ബീച്ചിലേക്ക്‌ കുതിച്ചു. പാർക്കിംഗ്‌ ഫീ ഇല്ലാത്ത ഒരു സ്ഥലത്ത്‌ വണ്ടി ഒതുക്കി വെച്ചു. എന്തോ ആലോചിച്ച പോലെ അൽപനേരം അവിടെ നിന്നു എന്താണ് ആലോചിച്ചതെന്ന്‍ ഒരു പിടീം കിട്ടുന്നില്ല ചില സമയങ്ങളില്‍ മനസ്‌ ഒന്നിനും പിടി തരാറില്ല, ഇങ്ങനെ അലഞ്ഞോണ്ടിരിക്കും   .

ബജിക്കട ലക്ഷ്യമാക്കി ദ്രുതഗതിയിൽ കാലുകൾ കടന്നു. എരിവില്ലാത്ത മുളക്‌ ബജിയെ എരിവുള്ള ചട്ട്‌ ണിയിൽ മുക്കി തിന്നുമ്പോൾ സൂര്യൻ കടലിനെ ചുമ്പിക്കാൻ തുടങ്ങിയിരുന്നു. കടയെ അവിടെ ഉപേക്ഷിച്ച്‌ തിരയിലേക്ക്‌ കാലിറക്കി. ഒരെണ്ണം വന്ന് കരയെ തഴുകിപോകും അത് തിരിച്ചെത്തും മുന്നേ അടുത്തത്… കടലിനു  മുമ്പില്‍ ഒരു കറുത്ത പൊട്ടായി ഞാന്‍ എന്ന് കടല്‍ അത് മായിക്കണമെന്ന്‍ തീരുമാനിക്കുന്നുവോ അത് വരേയ്ക്കും ഈ നില്പ് തുടരാം…

 

തിരകള്‍ക്ക് മീതെ കടലിനോട് ഒരു വൃദ്ധന്‍ സംഭാഷണത്തില്‍ മുഴുകി നില്‍ക്കുന്നു .

എന്നെ പോലെ മറ്റൊരു കറുത്ത പൊട്ട് കൂടി…

ചിതറിയ താടിയ്ക്കുള്ളിൽ മറഞ്ഞ മുഖം,ജുബ്ബ മുട്ടോളം എത്തി കിടപ്പുണ്ട്‌. ഇത്‌ വരെ ആരും ശ്രദ്ധിക്കാത്തത്‌ കൊണ്ട്‌ ഏതോ ഭ്രാന്തനായിരുന്നു അയാൾ…

എന്നാൽ കടലിലേക്ക്‌ ചൂണ്ടി എന്റെ മകൾ എന്റെ മകൾ എന്ന് പറയാൻ തുടങ്ങിയപ്പോൾ, എവിടെയോ കണ്ട്‌ മറന്ന അച്ഛനായിരിക്കുന്നു…

കാലുകൾ വലിച്ചവിടെ എത്തിച്ചെങ്കിലും മനസ്സ്‌ അവിടെ എത്തിയിരുന്നില്ലാ…

എന്നിട്ടും എന്തിനോ  ചോദ്യങ്ങള്‍  തൊണ്ടയിൽ കുരുങ്ങി…

ആരാണു നിങ്ങൾ ? നിങ്ങളുടെ മകൾക്കെന്ത്‌ പറ്റി?

ചോദ്യം പുറത്തേക്കിറങ്ങും മുമ്പ്‌ ചെകിടത്തൊരു പടക്കം പൊട്ടി…

നീ പത്രം വായിക്കാറുണ്ടോ? നീ ടീവീ കാണാറുണ്ടൊ?

നിന്റെ മൊബെയിൽ ഗ്യാലറി ഒന്ന് കയറി നോക്ക്‌ എന്റെ മകളുടെ ചിത്രം അവിടെ കാണാം…
നീയാണവളെ കൊന്നത്‌ … നിന്റെ മൗനമാനവൾക്ക്‌ ചിത ഒരുക്കിയത്‌…

നിന്റെ കണ്ണാണവളുടെ മാനം കവർന്നത്‌…
എന്റെ മകളെ കൊന്നവൻ എന്ന് കടലും  ഉറക്കെ അലറാൻ തുടങ്ങി…

ഉയർന്ന് പൊങ്ങിയ തിരയിൽ അയാൾ മറഞ്ഞു ഒപ്പം അവന്റെ ബോധവും
ഉണർന്നപ്പോൾ മുതൽ ശരീരമാസകലം വേദന…

രക്തത്തിൽ കുളിച്ചിരിക്കുന്നു…

നാക്ക്‌ മുറിച്ച്‌ മാറ്റപ്പെട്ടിരിക്കുന്നു…

എഴുതാന്‍ ഒരു കൈ മാത്രം ശേഷിച്ചു…

മുമ്പിൽ വിരൽ കക്ഷണമായി ഛേദിക്കപ്പെട്ട  ജനനേന്ദ്രിയം…

ആണായിരുന്നു ഞാൻ…

 

 

 

സുധ ടീച്ചർ


പച്ച, മഞ്ഞ, ചുവപ്പ്‌, നിറങ്ങളണിഞ്ഞ കുട, കാർട്ടൂൺ കഥാപാത്രങ്ങളാൽ അലംകൃതമായ ബാഗ്‌, പുറത്ത്‌ നിന്ന് ചാറ്റലെറിഞ്ഞ്‌ ഇറയത്തേക്കെത്തി നോക്കുന്ന മഴ, നനഞ്ഞ്‌ കുതിർന്ന് ഒഴുകാൻ മറന്ന കടലാസ്‌ തോണികൾ, സിംഹത്തെ ചുമലിലണിഞ്ഞ്‌ രാജകീയമായി കാത്തിരിക്കുന്ന ലൂണാർ ചെരിപ്പുകൾ, കഴുത്തിൽ മാലയായി മാറിയ വാട്ടർബോട്ടിൽ, വിദ്യാലയത്തിന്റെ ആദ്യദിനത്തിലേക്ക്‌ കുതിക്കുന്ന 1998 ജൂൺ ഒന്നിൽ കുരുങ്ങിയ തിങ്കളാഴ്ച.

കരച്ചിലുകളാൽ സമൃദ്ധമായ അന്തരീക്ഷത്തിലേക്ക്‌ വെളുത്തമുഖത്തെ ചുവപ്പിച്ച പുഞ്ചിരി അണിഞ്ഞ്‌ സുധ ടീച്ചർ. ആ ഓർമ്മകളിലേക്ക്‌ ഊളിയിടാനുള്ള ശ്രമത്തെ വഴി തിരിച്ച്‌ ഭാവനകൾ കാട്‌ കയറുന്നു. നിറം കുടിച്ച മഴയുടെ ചിത്രങ്ങളിൽ കൈ വെച്ച്‌ ടീച്ചർ പാടി “മഴ മഴ മഴ മഴ പെയ്യുന്നു”….

“ആകാശത്തെ പത്തായത്തിൽ തേങ്ങ പെറുക്കിയിടുന്ന മുത്തച്ഛനൊപ്പം” പുറത്തും മഴ ശക്തി പ്രാപിച്ചു.

ഇടിവെട്ടുന്നതിനൊപ്പം പുസ്തകത്തിലെ കടലാസ്‌ തോണികൾ ഒഴുക്കുന്ന കുട്ടികളുടെ ചിത്രങ്ങളിലേക്ക്‌ മഴ ചാറ്റലും എത്തി നോക്കി.
“ഇടവപ്പാതി കഴിഞ്ഞിട്ടും മഴപെയ്യാത്തതെന്താണു

പാറപ്പുറത്തെ പങ്ങുണ്ണി പല്ല തേക്കാത്ത കാരണം”

ടീച്ചർ പഠിപ്പിച്ചതാണു. വേനൽ കടുക്കുമ്പോൾ ഇപ്പഴും അറിയാതെ മൂളിപോകും.

…………………………..

പിന്നെ ഒരിക്കൽ സ്കൂളിൽ വലിയ തിരശ്ശീല കെട്ടി “ഹിറ്റ്‌ ലർ” പ്രദർശ്ശിപ്പിച്ചു. ഒരു രൂപ പിരിക്കാൻ ടീച്ചർ ക്ലാസിൽ വരുന്ന ചിത്രമാണു ഈ സിനിമ എന്ന് കാണുമ്പോഴും മനസ്സിൽ തെളിയുക.
വർഷങ്ങളെ ഭക്ഷണമാക്കി ഭൂതകാലം മുന്നിട്ട്‌ കൊണ്ടിരുന്നു. യൂപി ക്ലാസ്സുകളുടെ അതിർത്തിയായ ഏഴാം ക്ലാസ്സിൽ “പഗോഡ” കളെ കുറിച്ച്‌ ടീച്ചർ പഠിപ്പിച്ചതാണു ഓർമ്മകളിൽ അവസാനത്തേത്‌.

വിദ്യാലയങ്ങൾക്കിപ്പോഴും മനസ്സിൽ സുധ ടീച്ചറുടെ മുഖമാണു. പഠിപ്പിച്ച, എന്നിൽ സ്വാധീനം ചെലുത്തിയ ഒരുപാട്‌ അധ്യാപകരുണ്ട്‌ സ്കൂളിലും, കോളേജിലും…

അവർക്കൊപ്പം മുൻ നിരയിൽ തന്നെയാണു ടീച്ചറിന്റെ സ്ഥാനവും.

ഇന്നലെ വർഷങ്ങൾ പേറിയ ബസ്‌ സ്റ്റോപ്പിൽ സുധ ടീച്ചർ നിൽക്കുന്നത്‌ കണ്ടു. ആ പുഞ്ചിരിക്ക്‌ പോലും ഒരു മാറ്റോം വന്നിട്ടില്ല. ടീച്ചറോട്‌ സംസാരിക്കണമെന്ന് കരുതിയെങ്കിലും കാൽ ചലിച്ചില്ല, ചിലപ്പോൾ ടീച്ചർ പഠിപ്പിച്ച്‌ വിട്ട ആയിരം മുഖങ്ങളിൽ ഒന്ന് മാത്രമായിരിക്കും ഞാൻ, നീണ്ട വർഷങ്ങൾ മറവിയിലേക്ക്‌ തള്ളിയിട്ട മുഖം. തടഞ്ഞ്‌ നിന്ന ചിന്തകളെ വകഞ്ഞ്‌ മാറ്റി നടന്നപ്പോഴേക്കും

സർക്കാർ വക വണ്ടി മുന്നിൽ മറ സൃഷ്ടിച്ചു…

ബസ്സ്‌ കടന്നു പോയപ്പഴേക്കും സ്റ്റോപ്പിൽ ശൂന്യത ഇടം പിടിച്ചിരുന്നു…

സ്പൈഡർ മാൻ


അതിമാനുഷ കഥാപാത്രങ്ങളെ, ബാലരമ ചെറുപ്പത്തിലേ പ്രിയപ്പെട്ടതാക്കിയിരുന്നു. പിന്നെ ടീവിയിൽ നിറഞ്ഞ്‌ നിന്ന ശക്തിമാനും അതിൽ പങ്കുണ്ടെന്ന് പറയാം. 8 ആം ക്ലാസിനോട്‌ മല്ലിട്ട്‌ കൊണ്ടിരിക്കുന്ന പ്രായത്തിൽ നുമ്മടെ ഹീറോ സ്പൈഡർ മാനായിരുന്നു. വലവിരിക്കാനും  വല അമ്പ്‌ കണക്കേ തൊടുക്കാനും, ചുമരിൽ ഒട്ടികയറാനും കഴിയുന്ന ചിലന്തി മനുഷ്യൻ. ആ ഡ്രസ്സ്‌ വാങ്ങിച്ചു തരാൻ വീട്ടിൽ വാശി പിടിച്ചാലോ എന്നാലോചിച്ചെങ്കിലും , മുമ്പ്‌ ഫോട്ടോ എടുത്തപ്പോൾ ശക്തിമാന്റെ പോസ്‌ കൊടുത്തതിനു ചെവിക്ക്‌ കിട്ടിയ കിഴുക്ക്‌ തടസം നിന്നു.

സ്പൈഡർ മാന്റെ പരാക്രമങ്ങൾ മുഴുവനും ക്ലാസ്സിലെ ഡെസ്കുകളെ കെട്ടിടങ്ങളായി കരുതി അതിന്റെ മുകളിലായിരുന്നു. ഒരിക്കൽ കൂട്ടുകാരനെറിഞ്ഞ ഡെസ്റ്റർ താഴെ വീഴാതെ രക്ഷിച്ചു എന്നതാണു. നുമ്മടെ കഴിവ്‌ പുറത്തേക്ക്‌ കൊണ്ട്‌ വന്നത്‌.

(എന്റെകയ്യിൽ കടിപ്പിക്കാൻ ശ്രമിച്ച പല എട്ടുകാലികളും വിദഗ്ദമായി ഒഴിഞ്ഞ്‌ മാറിയത്‌ കൊണ്ട്‌ ഞാനിപ്പഴും സാധാ മനുഷ്യനായി തുടരുന്നു.)ഒരു പ്രത്യേകതകളുമില്ലാതെ ദിനങ്ങൾ കലണ്ടർ ഉപേക്ഷിച്ചു കൊണ്ടിരിക്കുമ്പോഴാണു അത്‌ സമ്പവിച്ചത്‌ , വീടിനടുത്ത്‌ നിന്ന് ഉച്ചത്തിൽ കരയുന്ന കാക്കകളുടെ കാ വിളികൾക്കിടയിൽ രക്ഷക്കായി കേഴുന്ന കുയിലിന്റെ കരച്ചിൽ, അത്‌ ചെറുതായി കൊണ്ടിരുന്നു.

ഉള്ളിലെ സ്പൈഡർ ശക്തി ഉണർന്നു സ്പൈഡർ മാനു കൊടുക്കാൻ ബീജീയെം ഒന്നും കിട്ടാത്തത്‌ കൊണ്ട്‌…

“ശക്തിമാൻ… ശക്തിമാൻ “എന്നുറക്കെ പാടി വീടിന്റെ മതിൽ ചാടി… വീടിന്റെ കോമ്പൗണ്ടിലാണു സമ്പവമെങ്കിലും സ്പൈഡർ മാന്റെ എൻ ട്രി സെറ്റപ്പാക്കാൻ ഇങ്ങനെ ഒരു ചാട്ടം വേണമായിരുന്നു.

മതിലിനു മുകളിൽ കയറി കാക്കകളെ ഒന്ന് നോക്കി, കല്ലെടുത്ത്‌ സ്പൈഡർ വെബ്‌ ആക്കി എറിഞ്ഞു.

കാക്കകൾ മുകളിലേക്കുയർന്നുയുടൻ ഞാനാ കുയിലിനെ പൊക്കി വീട്ടിലേക്ക്‌ കയറി

കാക്കകൾ പോയെന്ന് ഉറപ്പ്‌ വരുത്തി കുയിലിനെ തുറന്ന് വിട്ടു.

ആ…ഹാ!! എന്തൊരാശ്വാസം… എന്തൊരു നിർ വൃതി 😇

മിഷൻ കമ്പ്ലീറ്റഡ്‌!!!😏😏😏
പള്ളിയിൽ പോകാൻ പുറത്തേക്കിറങ്ങിയ എന്നെ കാത്ത്‌ കാക്കകൾ ഇരിപ്പുണ്ടായിരുന്നു…

കൂട്ടത്തൊടെ അവന്മാർ എന്നെ റാഞ്ചാൻ തുടങ്ങി…

അവരുടെ സ്നേഹം കൊണ്ട്‌ ഒരാഴ്ച കുട ചൂടി നടക്കാൻ സാധിച്ചു…
എൻ ബി: അന്നത്തോടെ സൂപ്പർ ഹീറോ കളി ഞാൻ നിർത്തേം ചെയ്ത്‌…😜😜😜

കടന്നൽ


പലപ്പോഴും നിസ്സാരമായി കാണുന്ന പല വസ്ഥുക്കൾക്കും നമ്മെ ആഴത്തിൽ സ്വാധീനിക്കാനുള്ള കഴിവുണ്ടായിരിക്കും.
നമ്മൾ നിൽക്കുന്ന സ്ഥലത്തെ, സമയത്തെ വിസ്മരിച്ച്‌ ഓർമ്മകളുടെ പടുകുഴിയിലേക്ക്‌ തള്ളിയിടാൻ തക്ക കെൽപ്പുള്ളവ.

വളപ്പൊട്ട്‌, മഞ്ചാടിക്കുരു എന്നിവയിൽ തുടങ്ങിയ പട്ടിക ഇതാ കടന്നലിലേക്കും എത്തി നിൽക്കുന്നു.
കടന്നൽ കൂടുകൾ വിരളമായെ എന്റെ കണ്ണിൽ പെടാറുള്ളൂ.കാണുകയാണെങ്കിൽ അത്‌ നശിപ്പിക്കാനുള്ള ത്വരയാണു പലപ്പോഴും വിജയിക്കുക. അതിനുള്ള ശ്രമങ്ങളിൽ പലപ്പോഴും കുത്ത്‌ കിട്ടാതെ രക്ഷപ്പെടാൻ കഴിയാറുമുണ്ട്‌.

ഒരിക്കൽ ഇൻ വെർട്ടർ ബാറ്ററിക്ക്‌ സൈഡിലാണവ കൂട്‌ വെച്ചത്‌ മണ്ണെണ്ണ തളിച്ച്‌ അതവിടെ പതിക്കുന്നതിനൊപ്പം തന്നെ സുരക്ഷിത സ്ഥാനങ്ങളിൽ എന്നെ പ്രതിഷ്ഠിക്കാൻ കഴിഞത്‌ കൊണ്ട്‌ ആ കുത്തും ഒഴിവായി.

വാസസ്ഥലം നഷ്ടപ്പെട്ടവ മുകളിലേക്ക്‌ പറന്ന് അവിടം കുറച്ച്‌ നേരം വീക്ഷിക്കും…

ശത്രു ആരെന്ന് മനസ്സിലാക്കി പ്രതികാരം ചെയ്യാനായിരിക്കണം…
ദിവസങ്ങളെ കോർത്ത്‌ മാസം കടന്നുപോയികൊണ്ടിരുന്നു. ഇന്നലെയെ മാസത്തിലേക്ക്‌ കോർക്കുന്നതിനിടെ വീട്ടിലെ പൈപ്പ്‌,  ടാങ്കിലെ വെള്ളം ചോർത്താൻ തുടങ്ങി. പകരം മറ്റൊരു പൈപ്പന്വേഷിച്ചാണു ബർത്തിലേക്ക്‌ കയറിയത്‌.

സൂചി കയ്യിൽ കുത്തിയത്‌ പോലെ. ഇത്രയുംകാലം കടന്നൽ കുത്തിൽ നിന്ന് രക്ഷപ്പെട്ടിരുന്നു എന്ന അഹങ്കാരത്തെയാണു ആ പീക്കിരി വെല്ല് വിളിച്ചത്‌.

അന്ന് കൊണ്ട്‌ നടന്ന പക ഒരു മുള്ള്‌ കൊണ്ട്‌ ശരീരത്തിലേക്കെയ്ത്‌ അവൻ പറന്നു. കടന്നൽ കുത്ത്‌ കിട്ടിയാലുടൻ അവിടെ ചുണ്ണാമ്പ്‌ തേക്കണമെന്ന് പഠിപ്പിച്ച വല്ലുമ്മയിലേക്ക്‌ ഓർമ്മയെ തള്ളിയിട്ടു.

മരണത്തിനു നാലു വർഷങ്ങൾകിപ്പുറവും അലമാരയുടെ മുകളിൽ മാറാല തീർത്ത കവചത്തിനുള്ളിൽ വെറ്റില പാത്രം അതേ സ്ഥാനത്ത്‌ തന്നെ ഇരിക്കുന്നു.

പൊടി തട്ടി മാറ്റി തുറന്ന് നോക്കി. ഉള്ളിൽ നീർ വറ്റി ചണ്ടിയായ വെറ്റില, ചിതറി കിടക്കുന്ന അടക്കാ കഷ്ണങ്ങൾ, ഗന്ധം കൈവെടിഞ്ഞ പുകയിലയിൽ പൊതിഞ്ഞ്‌ ചുണ്ണാമ്പ്‌ പാത്രം.പതുക്കെ പാത്രം തുറന്നു…

“ആരെടാ ഇതിൽ നിന്ന് വെറ്റിലയെടുത്തത്‌”

ആരോ കാതിൽ മന്ത്രിച്ച പോലെ…

ഉള്ളിൽ ചുണ്ണാമ്പില്ല… ഭൂതകാലം അവശേഷിപ്പിച്ച ശൂന്യത മാത്രം…

കയ്യിലെ വേദന സുഖമുള്ള കട്ട്‌ കഴപ്പായിരിക്കുന്നു.പെട്ടെന്ന് പാത്രത്തിനു മുകളിൽ ഒരു കടന്നൽ വന്നിരുന്ന് എന്നെ നോക്കി ചിരിച്ചു.
കളിയാക്കിയതായിരിക്കും….

നന്ദി… മറവിയിലേക്ക്‌ മറഞ്ഞ ചിലതോർമ്മിപ്പിച്ചതിനു…

മഞ്ചാടിക്കുരു


എർണ്ണാകുളത്തിന്റെ അതിർത്തി പിന്നിടുകയായിരുന്നു ആനവണ്ടി.”ഉമ്മാ ഇന്ന് മൂത്തുമ്മാടെ ഫാമിലീം വരോ?”

“അവർ അടുത്ത സ്റ്റോപ്പിൽ നിന്ന് കേറും… നീ ഒന്ന് ക്ഷമീ…”

ഈ അന്വേഷണത്തിനു പ്രേരണ നൽകിയത്‌ കൂട്ടുകാരിയെ കാണാൻ പറ്റോ എന്ന ആശങ്കയാണു.കയ്യിൽ ഓണം സ്പെഷ്യൽ ബാലരമ , മഹാബലിയുടെ ചിത്രങ്ങൾ പരസ്യങ്ങളായി വഴി നീളെ കാണാം…ഓണം വെക്കേഷൻ എന്നതിലുപരി അവൾക്കൊപ്പം അതടിച്ചപൊളിക്കാമെന്ന സന്തോഷമാണുള്ളിൽ.

വാമനൻ പാതാളത്തിലേക്ക്‌ മാവേലിയെ ചവിട്ടിതാഴ്‌ ത്തിയപ്പോൾ ഡ്രൈവറും ബ്രേക്കമർത്തി.അങ്ങനെ മൂത്തുമ്മാടൊപ്പം അവളും കയറി.

മുഖം ക്ഷീണിച്ചിരിക്കുന്നു അനീമിയ കുടഞ്ഞെറിഞ്ഞതാവണം.അവളുടെ ക്ലാസ്‌ വിശേഷങ്ങളിലൂടെ ഞങ്ങൾ സഞ്ചരിച്ച്‌ കൊണ്ടിരുന്നു ഒപ്പം ബസ്സും.
………………………………………
ഉമ്മാടെ വീട്‌ ഞങ്ങൾക്ക്‌ പ്രിയപ്പെട്ട ഇടം.

“നമ്മക്ക്‌ പൂക്കളമിട്ടാലോ? “അവളാണു പറഞ്ഞത്‌

“എനിക്കറിയില്ല…”

“നീ വാ നമ്മക്കൊരുമിച്ചിടാം..”

വീടിനു ചുറ്റുമുള്ള പറമ്പിൽ കോൺക്രീറ്റ്‌ കാടിനു വിത്ത്‌ പാകിയിരുന്നില്ല.തുമ്പയും കാക്കപ്പൂവും കമ്മ്യൂണിസ്റ്റ്‌ പച്ചയും പിന്നെ ഇവർക്ക്‌ തണലേകി മാവുകളും.

അടുക്കളയിൽ നിന്ന് പൊക്കിയ സ്റ്റീൽ പാത്രത്തിൽ മണ്ണു നിറച്ച്‌ പൂക്കൾ അതിൽ നിർത്തി പിന്നെ കുറച്ചിലകൾ പറിച്ച്‌ ചുറ്റും നിരത്തി.

ഓർമ്മയിൽ പരതിയാൽ എന്റെ ആദ്യത്തെ പൂക്കളത്തിന്റെ സ്ഥാനത്ത്‌ അത്‌ മാത്രേ വരൂ.അന്നവൾ വരച്ച കളങ്ങൾക്കുള്ളിലായി ഞങ്ങളുടെ ചിരികൾ നിറഞ്ഞു.

എവിടന്നോ ചെണ്ടയുടെ മേളം കേട്ട്‌ തുടങ്ങി അകത്ത്‌ നിന്ന് മാമ പറയുന്നത്‌ കേട്ടു…
പുലി കളിയാണു വരുന്നതെന്ന്…
അന്നെന്റെയും അവളുടെയും വിശ്വാസം അത്‌ യഥാർത്ഥ പുലി എന്ന തന്നെയായിരുന്നു.
ഭയം മുന്നിലിരുന്ന് പല്ലിളിച്ചിട്ടുണ്ടാവണം. വീടിന്റെ പിറകിൽ മറഞ്ഞിരുന്ന് ആ ശബ്ദം പോവാൻ കാത്തിരുന്നു.

“ഡീ നമ്മക്ക്‌ പട്ടം പറത്താം…”

“അതിനു നിനക്ക്‌ പട്ടം ഒണ്ടാക്കാനറിയോ?”
“നീ വാ..”

ആ പറമ്പിൽ ചേട്ടൻ പറത്തുന്നത്‌ നോക്കാം അവരു ചെലപ്പോ കയ്യിൽ നൂലു പിടിക്കാൻ തരും.

പട്ടങ്ങൾ ഉയരത്തിലേക്ക്‌ പറന്നു കൊണ്ടിരുന്നു…

ആ വെക്കേഷനും കഴിഞ്ഞു…

സ്ഥലങ്ങളെ പിന്തള്ളി ബസ്സും പാഞ്ഞു.
……………
“ഡാ നമ്മക്കൊന്നു മൂത്തുമ്മാടെ വീട്ടിൽ പോകാം”

ഒരു ശനി കൂടി ഉണരുകയയിരുന്നു.

ഉമ്മയുടെ ശബ്ദത്തിൽ സങ്കടം കലർന്നിരുന്നു.

അവളെ കാണാല്ലോ എന്ന സന്തോഷത്തിൽ കയ്യിൽ ഒരു കുപ്പി മഞ്ചാടിക്കുരു കരുതി അവൾക്കു കൊടുക്കാൻ.

അവൾടടുത്ത്‌ അങ്ങനത്തെ കുറെ ശേഖരണങ്ങളുണ്ട്‌ തീപ്പെട്ടിപ്പടം, പുളിങ്കുരു, വളപ്പൊട്ട്‌.

അവളുടെ മുഖത്തെ സന്തോഷമായിരുന്നു മനസ്സിൽ നിറയെ. ബസ്സിറങ്ങി പുത്തൻ തോടിന്റെ അരിക്‌ പറ്റി നടന്നു…

എതിരെ ആൾക്കാർ കടന്നു പോകുന്നു…

കർപ്പൂരത്തിന്റെ മണം ചുറ്റും…

വഴിയിൽ തുമ്പയും കാക്ക പൂവും പൂത്ത്‌ നിന്നു..

ആ വീടിനു ചുറ്റും ആളുകളെ കൊണ്ടുള്ള കളങ്ങൾ വരച്ചിരുന്നു.

ഒരു തേങ്ങലടക്കി ഉമ്മ അകത്തേക്ക്‌ കയറി . എന്റെ കയ്യിലെ കുപ്പി നിലത്ത്‌ വീണു വെള്ളപൊതിഞ്ഞ ശരീരത്തിൽ ചെറിയ ചോരപ്പുള്ളികളായ്‌ മഞ്ചാടിക്കുരു.

ഇതെങ്കിലും അവൾ കൊണ്ട്‌ പോകുമായിരിക്കും..

Blog at WordPress.com.

Up ↑