കടന്നൽ


പലപ്പോഴും നിസ്സാരമായി കാണുന്ന പല വസ്ഥുക്കൾക്കും നമ്മെ ആഴത്തിൽ സ്വാധീനിക്കാനുള്ള കഴിവുണ്ടായിരിക്കും.
നമ്മൾ നിൽക്കുന്ന സ്ഥലത്തെ, സമയത്തെ വിസ്മരിച്ച്‌ ഓർമ്മകളുടെ പടുകുഴിയിലേക്ക്‌ തള്ളിയിടാൻ തക്ക കെൽപ്പുള്ളവ.

വളപ്പൊട്ട്‌, മഞ്ചാടിക്കുരു എന്നിവയിൽ തുടങ്ങിയ പട്ടിക ഇതാ കടന്നലിലേക്കും എത്തി നിൽക്കുന്നു.
കടന്നൽ കൂടുകൾ വിരളമായെ എന്റെ കണ്ണിൽ പെടാറുള്ളൂ.കാണുകയാണെങ്കിൽ അത്‌ നശിപ്പിക്കാനുള്ള ത്വരയാണു പലപ്പോഴും വിജയിക്കുക. അതിനുള്ള ശ്രമങ്ങളിൽ പലപ്പോഴും കുത്ത്‌ കിട്ടാതെ രക്ഷപ്പെടാൻ കഴിയാറുമുണ്ട്‌.

ഒരിക്കൽ ഇൻ വെർട്ടർ ബാറ്ററിക്ക്‌ സൈഡിലാണവ കൂട്‌ വെച്ചത്‌ മണ്ണെണ്ണ തളിച്ച്‌ അതവിടെ പതിക്കുന്നതിനൊപ്പം തന്നെ സുരക്ഷിത സ്ഥാനങ്ങളിൽ എന്നെ പ്രതിഷ്ഠിക്കാൻ കഴിഞത്‌ കൊണ്ട്‌ ആ കുത്തും ഒഴിവായി.

വാസസ്ഥലം നഷ്ടപ്പെട്ടവ മുകളിലേക്ക്‌ പറന്ന് അവിടം കുറച്ച്‌ നേരം വീക്ഷിക്കും…

ശത്രു ആരെന്ന് മനസ്സിലാക്കി പ്രതികാരം ചെയ്യാനായിരിക്കണം…
ദിവസങ്ങളെ കോർത്ത്‌ മാസം കടന്നുപോയികൊണ്ടിരുന്നു. ഇന്നലെയെ മാസത്തിലേക്ക്‌ കോർക്കുന്നതിനിടെ വീട്ടിലെ പൈപ്പ്‌,  ടാങ്കിലെ വെള്ളം ചോർത്താൻ തുടങ്ങി. പകരം മറ്റൊരു പൈപ്പന്വേഷിച്ചാണു ബർത്തിലേക്ക്‌ കയറിയത്‌.

സൂചി കയ്യിൽ കുത്തിയത്‌ പോലെ. ഇത്രയുംകാലം കടന്നൽ കുത്തിൽ നിന്ന് രക്ഷപ്പെട്ടിരുന്നു എന്ന അഹങ്കാരത്തെയാണു ആ പീക്കിരി വെല്ല് വിളിച്ചത്‌.

അന്ന് കൊണ്ട്‌ നടന്ന പക ഒരു മുള്ള്‌ കൊണ്ട്‌ ശരീരത്തിലേക്കെയ്ത്‌ അവൻ പറന്നു. കടന്നൽ കുത്ത്‌ കിട്ടിയാലുടൻ അവിടെ ചുണ്ണാമ്പ്‌ തേക്കണമെന്ന് പഠിപ്പിച്ച വല്ലുമ്മയിലേക്ക്‌ ഓർമ്മയെ തള്ളിയിട്ടു.

മരണത്തിനു നാലു വർഷങ്ങൾകിപ്പുറവും അലമാരയുടെ മുകളിൽ മാറാല തീർത്ത കവചത്തിനുള്ളിൽ വെറ്റില പാത്രം അതേ സ്ഥാനത്ത്‌ തന്നെ ഇരിക്കുന്നു.

പൊടി തട്ടി മാറ്റി തുറന്ന് നോക്കി. ഉള്ളിൽ നീർ വറ്റി ചണ്ടിയായ വെറ്റില, ചിതറി കിടക്കുന്ന അടക്കാ കഷ്ണങ്ങൾ, ഗന്ധം കൈവെടിഞ്ഞ പുകയിലയിൽ പൊതിഞ്ഞ്‌ ചുണ്ണാമ്പ്‌ പാത്രം.പതുക്കെ പാത്രം തുറന്നു…

“ആരെടാ ഇതിൽ നിന്ന് വെറ്റിലയെടുത്തത്‌”

ആരോ കാതിൽ മന്ത്രിച്ച പോലെ…

ഉള്ളിൽ ചുണ്ണാമ്പില്ല… ഭൂതകാലം അവശേഷിപ്പിച്ച ശൂന്യത മാത്രം…

കയ്യിലെ വേദന സുഖമുള്ള കട്ട്‌ കഴപ്പായിരിക്കുന്നു.പെട്ടെന്ന് പാത്രത്തിനു മുകളിൽ ഒരു കടന്നൽ വന്നിരുന്ന് എന്നെ നോക്കി ചിരിച്ചു.
കളിയാക്കിയതായിരിക്കും….

നന്ദി… മറവിയിലേക്ക്‌ മറഞ്ഞ ചിലതോർമ്മിപ്പിച്ചതിനു…

Blog at WordPress.com.

Up ↑