പുകയിലലിഞ്ഞ്


പടിഞ്ഞാറൻ കാറ്റിൽ തൂങ്ങി ഇറയത്തേക്കൊന്നെത്തിനോക്കി മഴ മുറ്റത്തേക്കിറങ്ങി. ചുമ്പിച്ച്‌ വിട്ട പേപ്പർ ആ ലഹരിയിൽ തറയിലേക്കൊന്ന്
അമർന്നു. ആർ ദ്രമാവാൻ തുടങ്ങിയ അന്തരീക്ഷത്തിലേക്ക്‌ മൊയ്തുക്കയുടെ ചുമ വന്നലച്ചു,

ഒന്ന് പുകക്കണം ഉള്ളിലേക്ക്‌ ചൂടിറക്കണം എന്ന ചിന്തയിൽ ഇറയത്ത്‌ കുന്തിച്ചിരുന്നു.ഇറങ്ങി പോയ മഴക്ക്‌ പിറകേ ഇറക്കിയ എന്റെ ലൂണാർ ചെരിപ്പ്‌ രാജകീയമായി ആ മുറ്റത്ത്‌ തന്നെ വന്ന് നിന്നു. അടുത്ത ജെട്ടിയിലേക്ക്‌ ബോട്ടടിപ്പിക്കും മുമ്പേ മൊയ്തുക്ക നീട്ടി വിളിച്ചു. ഡാ ഇവിടെ വാടാ…

നീ കടയിൽ പോയി 4 ബീഡി വാങ്ങി കൊണ്ട്‌ വാ…

ബാക്കി പൈസക്ക്‌ മിഠായീം വാങ്ങിച്ചോ…

എത്തിനോക്കിയ സൂര്യൻ പിറകിലേക്ക്‌ മറഞ്ഞ്‌ മാനം ചെറുതായി ചിണുങ്ങാൻ തുടങ്ങി…

കടയിലേക്ക്‌ ഏത്‌ മിഠായി വാങ്ങണം എന്ന കൺ ഫ്യൂഷനിൽ ഞാൻ നടന്നു…

ബീഡി വാങ്ങിയപ്പോഴേക്കും സ്ഫടിക ഭരണിയിൽ ഓറഞ്ചിലും മഞ്ഞയിലും മുങ്ങി നിന്ന നാരങ്ങാ മിഠായിയിൽ കണ്ൺ കുരുങ്ങി.

ആദ്യം മഞ്ഞ പിന്നെ ഓറഞ്ച്‌ എന്ന ക്രമത്തിൽ മിഠായ്‌ വായിലേക്ക്‌ വീണു തുടങ്ങി…

3 എണ്ണം വയറ്റിലേക്കിറങ്ങിയപ്പോഴേക്കും മൊയ്ദുക്കാടെ വീടെത്തി…

അന്ന് മുതൽക്ക്‌ ബീഡി എത്തിക്കാൻ ഞാൻ മൽസരിച്ചു…
ടീവിയിൽ നടന്മാർ വലിച്ച്‌ തള്ളുന്ന സിഗരറ്റുകളെ അനുകരിച്ച്‌ കടലാസ്‌ , ഈർക്കിലി എന്ന ക്രമത്തിൽ എന്റെചുണ്ടുകളിലും ബീഡി സ്ഥാനം കണ്ടെത്തി…

മുറ്റത്ത്‌ നിന്നിരുന്ന ആഞ്ഞിലിയുടെ തിരി ഞങ്ങൾ കൊതുകിനെതിരെ സമരമുറയായി പുകക്കുമായിരുന്നു…

പിന്നെ പിന്നെ  ഞാനും എന്റെ കൂട്ടുകാരനും കൂടി ആ തിരി പയ്യെ കത്തിച്ച്‌ പുക വായിലാക്കി പുറത്തേകൂതി നോക്കി..

ആദ്യത്തെ ശ്രമത്തിൽ പുക കേറീല്ല രണ്ടാം ശ്രമത്തിൽ പുക മാത്രമല്ല കവിളും കൂടി പൊള്ളിയതോടെ ആ പരിപാടി ഉപേക്ഷിച്ചു.

പിന്നെ ചവറു കൂട്ടിയിട്ട്‌ കത്തിക്കുമ്പോ അതിനിടയിൽ കയറി നിന്ന് പുകക്കിടയിലൂടെ പുറത്തേക്ക്‌ വരും പുക വായിലെടുക്കാൻ ശ്രമിച്ച്‌ ചുമച്ച്‌ തള്ളിയതോടൊപ്പം ഉമ്മ തല്ലാനിട്ടോടിച്ചതോടെയാണു പുക പരിപാടി പൂർണ്ണമായി ഉപേക്ഷിച്ചത്‌…

അവസാനം നാരങ്ങമിഠായിക്കുള്ള ഹേതുവായത്‌ കൊണ്ട്‌ മാത്രം മൊയ്തുക്കാടെ പുകവലിക്ക്‌ കനത്ത സപ്പോർട്ടുമായി നിന്നു…

നാൾക്കു നാൾ നാരങ്ങാ മിഠായീടെ എണ്ണം കൂടി വന്നു ഒരു ദിവസം നീട്ടി ഒരു ചുമ കേട്ടൂ… ഇപ്പോ എന്നെ വിളിക്കും എന്ന് കരുതി ചെന്ന എന്റെ മുമ്പിൽ ആ ശരീരം നിശ്ചലമായ്‌ കിടന്നു…

മാനം അടുത്ത മഴക്ക്‌ കോപ്പ്‌ കൂട്ടുന്നുണ്ടായിരുന്നു…

കറുത്ത്‌ തുടങ്ങിയ പുകപടലങ്ങളായ്‌ മേഘങ്ങൾ നിരന്നു ഞണ്ടിന്റെ രൂപത്തിൽ ഒരു മേഘം പാഞ്ഞ്‌ പോയി…

കനത്ത ചുമയോടെ ആകാശം പെയ്ത്‌ തുടങ്ങി…

ഒരു മിന്നലും…

Blog at WordPress.com.

Up ↑