അപ്പാച്ചേ കട്ട്‌


സ്കൂൾ, വീട്‌, ഉമ്മാടെ വീട്‌, ഇവിടങ്ങളിലേക്കുള്ള വഴികൾ എന്നതിൽ ചുരുങ്ങിയ ലോകത്തിൽ നാലാം ക്ലാസിനെ മെരുക്കിയെടുക്കാനുള്ള ശ്രമത്തിൽ ഞാൻ മുഴുകിയ കാലം.
പണ്ടേ ബുദ്ധി ഇച്ചിരി കൂടുതലായതോണ്ട്‌ മിണ്ടാപൂച്ച ലെവലിലായിരുന്നു ഞാൻ വീട്ടിൽ.

ആകെ കൂടി വാശി പുറത്തെടുക്കാറു വീട്ടിൽകുറുപ്പൻ വരുമ്പോഴാണു.

മുടിവെട്ടുക എന്നത്‌ എന്നെ സംബന്ധിച്ചിടത്തോളം എന്റെ പാതി ജീവനെടുക്കുന്ന പോലെയാണു.

കുറുപ്പൻ ചേട്ടനാണേൽ വളരെ ഭംഗിയായി മുടി പ റ്റെ വെട്ടി മൊട്ട പോലെയാക്കി തരും.

മാസത്തിലെ ഏതേലുമൊരു ശനിയാഴ്ചയയിരിക്കും ഈപ്രധാന ചടങ്ങ്‌ അരങ്ങേറുക.

വിദഗ്ദ്മായി കട്ടിലിനടിയിലൊളിച്ച എന്നെ കട്ടിൽ പൊക്കി മാറ്റിയാണു പൊക്കിയെടുത്തോണ്ട്‌ മുടി ബലിക്കല്ലിൽ ഇരുത്തുക (ചുമ്മാ കസേരക്കൊരു ഗും ആയിക്കോട്ടെന്ന് കരുതി).

ഇതെത്ര തവണ ആവർത്തിച്ചാലും കട്ടിലനടിയിലെ സുരക്ഷിതത്വത്തെ തന്നെ ഞാൻ നമ്പിയിരുന്നു.
അങ്ങനെ ഇരിക്കുമ്പഴാണു പിള്ളേർക്കിടയിൽ പുതിയ ഹെയർ സ്റ്റെയിൽ വ്യാപകമാവുന്നത്‌.

അപ്പാചെ കട്ട്‌ എന്നാ ഞങ്ങടവിടെ ഇതിൻ നൽകിയ നാമം.

വെള്ളിയാഴ്ച ക്ലാസ്സിലെ രണ്ട്‌ പിള്ളേർ ആ സ്റ്റയിലിൽ വന്നത്‌ കണ്ടതോടെ എനിക്കും പൂതി മൂത്തു.

പതിവിനു വിപരീതമായി ഗെയ്റ്റിങ്ങൽ കുറുപ്പനേം കാത്ത്‌ ഞാൻ നിന്നു വീട്ടിലേക്ക്‌ കേറും മുന്നേ അപ്പാച്ചെ കട്ട്‌ വെട്ടണമെന്ന് കുറുപ്പനെ ശട്ടം കെട്ടി.

കസേരയിൽരുന്നു ഉമ്മയും വാപ്പയും വാ തുറന്ന് പിടിച്ച്‌ നിൽപാണു.പെട്ടെന്ന് വാപ്പ മുറ്റത്തിറങ്ങി ആകാശത്തേക്ക്‌ നോക്കി ” കാക്കയൊന്നു മലന്ന് പറക്കുന്നില്ലല്ലോ”

ആക്കി ഒരു ചിരി പാസാക്കി പുള്ളി മടങ്ങി.

കരിക്ക ചെത്തി വെച്ച പോലെ സൈഡൊക്കി ചെത്തി തലക്ക്‌ മുകളിലെ മുടികളെ വെറുതെ വിട്ട്‌. കുറുപ്പൻ കത്രിക തിരിച്ചെടുത്തു.

കണ്ണാടിയിൽ ന്യൂ ജെൻ ട്രെന്റണിഞ്ഞ്‌ ക്ലാസിലേക്ക്‌ കയറുന്ന എന്റെ രംഗം ഓടുന്നു.

മുടിയൊന്നൊതുക്കി വീട്ടിലേക്ക്‌ വലതു കാൽ വെച്ച്‌ എന്നെ ആരോ പൊക്കി വീണ്ടും ബലിപീഠത്തിലിരുത്തി.

“അവന്റെ ഒരു സ്റ്റെയിൽ ” പുച്ഛം നിറച്ച്‌ വെച്ച്‌ വാക്കുകൾ അന്തരീക്ഷത്തിൽ നിറഞ്ഞു.

നിങ്ങളിത്ര യാഥാസ്തിതികരാണോ എന്ന് ചോദിക്കാൻ അന്നാ വാക്ക്‌ പഠിച്ചിട്ടില്ലായിരുന്നു. അതൊരു കണക്കിനു നന്നായി ഇല്ലേൽ അതിനു വേറെ തല്ല് കിട്ടിയേനെ.തല മൊട്ടയടിപ്പിച്ച്‌ വിട്ടു.

കണ്ണാടിയിൽ ഒറ്റക്ക്‌ ക്ലാസിൽ മൊട്ടയായി കേറി വരുന്ന ഞാൻ….

അങ്ങനെ തിങ്കൾ ഒരു ദാക്ഷിണ്യവുമില്ലാതെ മുറ്റത്തേക്ക്‌ വന്ന് കയറി.

ക്ലാസിൽ ചെല്ലുന്നതിനു മുൻപേ ചിരി കേട്ട്‌ തുടങ്ങി…

പയ്യെ ക്ലാസിൽ എത്തി നോക്കിയപ്പോ കമ്പനി തരാൻ വേറെ രണ്ട്‌ മൊട്ടകൾ…

അതെ ലവന്മാർ തന്നെ …

അപ്പാച്ചി കട്ട്‌ പരിചയപ്പെടുത്തിയവർ…
എൻ ബി: കഥയിലെ എല്ലാരും സാങ്കൽപികമാണെന്ന് വിശ്വസിക്കുക…

ഇതെങ്ങാനും അവന്മാർ കണ്ടാൽ തീർന്ന്..😜😜

നാരകം


കാലങ്ങളെ പുഷ്പിച്ച്‌ കൂട്ടി ഫലങ്ങൾ പൊഴിച്ച ആ നാരകം. പ്രണയത്താൽ എത്തിപിടിക്കാൻ ശ്രമിച്ച ആകാശത്തെ വെടിഞ്ഞ്‌, വളർത്തിയ ഭൂമിയെ ചുമ്പിച്ച്‌ നിലം പതിച്ചു.” പ്‌ ധും “എന്ന ശബ്ദത്തിൽ വിട്ടകന്ന ജീവനെ തിരിച്ചുപിടിക്കാനാഞ്ഞത്‌ മണ്ണിൽ കുഴികൾക്ക്‌ ജന്മം നൽകി. “കാ……” വിളികളാൽ അന്തരീക്ഷം നിറച്ച്‌ ചില കാക്കകൾ മാനത്തേക്ക്‌ പറന്നു.
പുറകിൽ നിന്നിരുന്ന വീടുകൾക്കും രൂപം മാറി കിണറായ മുന്നിലെ കുളത്തിനേക്കാളും പ്രായം ഉണ്ടെന്ന് പണ്ടെങ്ങോ വല്ലുമ്മ പറഞ്ഞതായിരുന്നു മനസ്സിൽ.
“അല്ല ഒരു മരം വീണതിൽ എന്താണിത്ര ചിന്തിക്കൻ?!!”
ഓർമ്മകൾ മുളച്ച്‌ തുടങ്ങിയ പ്രായത്തിൽ ഇതേ നാരകമാണു എന്നെ മരം കയറ്റം പഠിപ്പിച്ചതെന്ന ഒറ്റ കാരണം മതി ഇത്രയെങ്കിലും ഇവിടെ കോറിയിടാൻ…

ഗുരു സ്ഥാനത്തേക്കാമരത്തെ ഉയർത്തിയത്‌ അതിൽ കായച്ചു നിന്നിരുന്ന ബബ്ലൂസ്‌ നാരങ്ങകളായിരുന്നു, വേനൽ ഒന്ന് കടുത്താൽ പിളർന്ന് വീണിരുന്നവ. മൂത്ത്‌ തുടങ്ങുമ്പോഴേക്കും പറിക്കാനുള്ള ശ്രമത്തിന്റെ ബാക്കി പത്രമായിരുന്ന ആ മരം കയറ്റം.
ഇന്നലെ അതിൽ പച്ച അണിഞ്ഞിരുന്ന കൊമ്പുകളും അറുത്ത്‌ മാറ്റി. കടയ്ക്കൽ പണ്ടെങ്ങോ കരിഞ്ഞിരുന്ന ആ പോതിനു മുകളിൽ ചെറിയ നനവായി ആ ഓർമ്മ അവശേഷിച്ചു. “പൊട്ടർ….പൊട്ടർ “എന്ന് ഇടക്കിടെ പാട്ട്‌ പാടിയിരുന്ന ആ പേരതത്ത ഇനി എവിടെ ഇരിക്കും? എന്നതിനേക്കാൾ വിഷമിപ്പിച്ചത്‌ ബാല്യത്തെ ഭക്ഷിച്ച ആ നാരങ്ങകൾ ഇനിയില്ലെന്ന തിരിച്ചറിവാണു.

ആരോ പറഞ്ഞ പോലെ “അവസാനത്തിൽ നാമെല്ലാം ഒറ്റക്കാരിക്കും…”

ഓർമ്മകൾക്കു പോലും വേണ്ടാതെ…

കാരണം


മാസമെത്തുമ്മുന്നേ പെറ്റോ
എന്ന് നോക്കിയത്‌ കൊണ്ടാവണം

പുസ്ത്ക ഗർഭത്തിൽ മയിൽപീലികൾ

മച്ചിയായി തുടരുന്നത്‌…

ഉറവ തേടി…


നാലിലേക്ക്‌ സമയത്തെ കൊരുത്തിട്ടപ്പോഴേക്കും ഞങ്ങൾ കാടിറങ്ങിയിരുന്നു.പിറകിൽ ഞങ്ങളെ നയിച്ച‌ ഒറ്റയടിപ്പാത പടക്കത്തിന്റെ തിരി പോലെ കുറച്ച്‌ മാത്രം പുറത്തവശേഷിച്ചു ബാക്കി കാടിന്റെ ഗർഭത്തിൽ മറഞ്ഞു…

……………………………………………………………

“ഡാ നീ പോവല്ലേ ഒരു കാര്യം പറയാനുണ്ട്‌…”

ളുഹർ നമസ്കാരം പൂർത്തിയാക്കി പുറത്തേക്കിറങ്ങിയ എന്നെ തമീസ്‌ പിടിച്ചു നിർത്തി.

“എന്താഡോ കാര്യം?”

“നാളെ താൻ ഫ്രീ ആണോ?”

“വാപ്പ പണിയൊന്നും ഏൽപിച്ചില്ലെങ്കിൽ ഫ്രീ ആയിരിക്കും…”

“നാളെ എന്റെ കൂടെ മരോട്ടിച്ചാൽ വരുന്നോ?”

“മരോട്ടിച്ചാലോ!? അവിടെന്താ?”

“അവിടെ കാടിനുള്ളിൽ ഒരഞ്ച്‌ കിലോമീറ്റർ നടന്നെത്തിയാൽ ഒരു വെള്ളച്ചാട്ടം ഉണ്ട്‌.. കിഡു ഐറ്റമാണു വരുന്നോ?”

“കാട്‌ , വെള്ളച്ചാട്ടം കൊള്ളാം…    ഞാൻ റെഡി”

വീട്ടിലെത്തിയ ഉടൻ ഗൂഗിളിൽ റൂട്ടും ഫോട്ടോസും തപ്പി.കണ്ടപ്പോ തന്നെ എന്തായാലും പോകണമെന്നുറപ്പിച്ചു…
എറണാകുളത്ത്‌ നിന്നു വരുന്നവർക്ക്‌ ചാലക്കുടി യിൽ നിന്ന് ഹൈവേയിലൂടെ ആമ്പല്ലൂരെത്തിയാൽ അവിടന്ന് ഉള്ളിലേക്ക്‌ അളഗപ്പനഗർ പോളി യെത്തും അതിനു തൊട്ടു മുമ്പ്‌ ലെഫ്റ്റിലേക്കൊരു റോഡ്‌ ഉണ്ട്‌ അതിലൂടെ നേരെ വിട്ടാൽ മരോട്ടിച്ചാൽ കുത്ത്‌ അവിടെ ആരോട്‌‌ ചോദിച്ചാലും പറഞ്ഞു തരും.

അല്ലേൽ ഗൂഗിളിലെ ചേച്ചിയോട്‌ ചോദിച്ചാൽ മതി

MAPmap1

……………………………………………………………………..

ആമ്പല്ലൂരെത്തിയപ്പോൾ സമയം ഒമ്പത്‌ കഴിഞ്ഞു

കൂടെ വരാമെന്നേറ്റിരുന്ന ഒരുവനെ കാത്ത്‌ അവിടെ അരമണിക്കൂർ ഇതിനിടയിൽ ഉച്ചഭക്ഷണം അവിടുള്ള ഒരു ഹോട്ടലിൽ നിന്ന് പാഴ്സലായി വാങ്ങി.

‌ തിരക്ക്‌ തിന്ന് തുടങിയ റോഡിലൂടെ ഞങളെയും വഹിച്ചു കൊണ്ട്‌ വണ്ടി നീങ്ങി

മരോട്ടിച്ചാലിനു മുമ്പുള്ള ജങ്ങ്ഷനിൽ(മരോട്ടിച്ചാൽ കുത്ത്‌) നിന്ന് ഒരു ചായ കൂടി അടിച്ചു.

ആ ബലത്തിൽ മലയിലേക്കുള്ള പാത കയറാൻ തുടങ്ങി.

പ്രവേശന കവാടമോ മറ്റോ അവിടെ കാണാൻ സാധിക്കില്ല വനം വകുപ്പിന്റെ ഒരു ബോർഡ്‌ മാത്രം 10 ഓളം പടികളും തൊട്ടപ്പുറത്ത്‌ ഒരു കനാലും.

ആ കനാലിന്റെ വശത്തൂടെ ഞങ്ങൾ നടത്തം തുടർന്നു.

അരുവി പാറയിൽ ചുമ്പിക്കുന്ന ശബ്ദം കേട്ട്‌ തുടങി ഈ കനാലിലെ വെള്ളം പോലും ആ വെള്ളച്ചാട്ടത്തിൽ നിന്നുള്ളതാവാം ഏകദേശം അര കിലോമീറ്റർ പിന്നിട്ടപ്പോഴേക്കും മരോട്ടിച്ചാൽ വെള്ളച്ചാട്ടം (ഒലക്കയം വെള്ളച്ചാട്ടം) ഞങളെ ദർശിച്ചു, ചെറിയ ഡാം അവിടവിടെ കുഴികളിൽ വെള്ളം കെട്ടിക്കിടക്കുന്നു താഴെ പാറയിൽ പോസുകൾ കൊടുത്തുകൊണ്ട്‌ നവദമ്പദികൾ കല്യാണ ആൽബം ഷൂട്ടിംഗ്‌ അരങ്ങേറുന്നു.
കാട്ടിലേക്കുള്ള പാത തുടങ്ങുന്നിടത്ത്‌ ചെറിയ ഗുഹ കാണാം, ഉള്ളിൽ കാടിനെ വ്യഭിചരിച്ച്‌ മദ്യകുപ്പികളും മറ്റ്‌ മാലിന്യങ്ങളും. മനുഷ്യന്റെ കൈകടത്തലുകൾ ഇലഞ്ഞിപ്പാറ വെള്ളച്ചാട്ടം എത്തുന്നിടം വരെയുണ്ട്‌ മിഠായി പാക്കറ്റുകൾ സിഗരറ്റ്‌ പാക്കറ്റുകൾ ബിസ്കറ്റ്‌ കവറുകൾ…
കാട്ടുപാത ഗൂഗിളിൽ റ്റ്രെയിൽ പാത്ത്‌ എന്ന പേരിൽ കൊടുത്തിട്ടുണ്ട്‌ . മരോട്ടിച്ചാൽ വെള്ളച്ചാട്ടത്തിന്റെ അരിക്‌ ചേർന്നാണു ആ പാത തുടങ്ങുന്നത്‌…

കയ്യിൽ കമ്പുകളും പിടിച്ച്‌ കാടൈനകത്തേക്ക്‌ ഞങ്ങൾ പ്രവേശിച്ചു. പലതരം കിളികളുടെ ശബ്ദവും കാട്ടുചോലയുടെ ശബ്ദവും ചേർന്ന് സംഗീത വിരുന്നൊരുക്കി. ചിലയിടങ്ങളിൽ വള്ളിപടർപ്പുകളെ നൂണ്ടും പാതയുടെ കുറുകെ കിടന്ന മരത്തടികൾ ചാടി കടന്നും യാത്ര പുരോഗമിച്ചു. കാട്ടുചെടികളുടെ ചിത്രങ്ങൾ ഫോൺ മെമ്മറിയിലേക്ക്‌ ചേക്കേറി ഒപ്പം പാതയും, ഇടക്കിടെ കാണുന്ന വെള്ളച്ചാട്ടങ്ങളും. ഏകദേശം പാതയുടെ മധ്യത്തിൽ വെച്ച്‌ കാട്ടുചോലയെ കുറുകെ കടക്കേണ്ടതുണ്ട്‌ അവിടം ചിത്രശലഭങ്ങളാൽ നിറഞ്ഞതാണു. ധാരാളം ചിത്രശലഭങ്ങൾ കൂടിയുള്ള കാടാണിത്‌.

IMG_2670

പൊടുന്നനെ അടുത്തൊരനക്കം ഒരു കറുത്ത മൃഗം മുന്നിലൂടെ പാഞ്ഞുപോയി അതിന്റൊപ്പം ഞങടെ പാതി ജീവനും. മരപ്പട്ടിയാണെന്ന് തോന്നുന്നു.

കേറ്റങൾക്കോടുവിൽ പ്രതീക്ഷ കത്തിച്ചുകൊണ്ട്‌ വെള്ളം അതിന്റെ സംഗീതം  കാറ്റിനൊപ്പം പറഞ്ഞുവിട്ടു.

ഇവിടെ നിന്നാൽ മൂന്ന് വഴികൾ കാണാം.

ഒന്ന് ഇലഞ്ഞിപ്പാറയ്ക്‌ അഭിമുഖമായി നിൽക്കുന്ന പാറമുകളിലേക്ക്‌.

രണ്ട്‌ നേരെ വെള്ളച്ചാട്ടത്തിലേക്ക്‌. മൂന്ന് വെള്ളച്ചാട്ടത്തിനു മുകളിലേക്ക്‌.

IMG_2596
IMG_2656

ആദ്യം ഇലഞ്ഞിപ്പാറ വെള്ളച്ചാട്ടത്തിന്റെ ദൃശ്യം കിട്ടാൻ പാറമുകളിലേക്ക്‌ കയറി. തട്ട്‌ തട്ടായി ഒഴുകിവരുന്ന വെള്ളം ചിലയിടങ്ങളിൽ മഴവില്ല് രചിച്ച്‌ കൊണ്ട്‌ പാറയെ പുണരുന്നു.മുകളിൽ സൂര്യൻ ഉള്ള ചൂട്‌ മൊത്തം പാറയിൽ പതിപ്പിക്കാനുള്ള ശ്രമത്തിലും.

ചുറ്റും പച്ചയെ ശരീരത്തിൽ പകർത്തി മലനിരകൾ.

………………………………………………………………….

“ഡാ നമുക്കൊന്ന് കുളിച്ചാലോ?”

വിയർപ്പ്‌ എല്ലാവരുടെയും ദേഹത്തെ പുതച്ചിരുന്നു, കാറ്റ്‌ പുണരും വരെ

“ഇപ്പൊ വേണ്ട നമുക്ക്‌ ഇനി വെള്ളച്ചാട്ടത്തിന്റെ മുകളിലേക്ക്‌ പോകാം..”

“അവിടെ നിന്ന് ഭക്ഷണം കഴിച്ച്‌ ഇതിന്റെ ഉറവ തേടാം…”

“ഇറങ്ങുമ്പോൾ താഴെ കുളിക്കാം…”

………………………………………………………………………..

 

IMG_2662
ഭക്ഷണം കഴിച്ചു വേസ്റ്റ്‌ ബാഗുകളിൽ നിറച്ചു വെച്ചു. പിന്നെ നടത്തം തുടങ്ങി ഇതിന്റെ ഉറവിടം തേടി മുകളലേക്ക്‌ വരുന്നവർ കുറച്ചേ ഉള്ളുവെന്ന് തെളിയിച്ചുകൊണ്ട്‌ ചോലയുടെ പരിസരങ്ങൾ മാലിന്യമുക്തമായി കിടന്നു.

 

ഉള്ളിൽ ഭയം ഉരുണ്ടുവീഴാൻ തുടങ്ങിയിരുന്നു.

രണ്ട്‌ മൂന്ന് തവണ പാറകളിൽ നിന്ന് ഞങളും വഴുതി വീണു.ഒടിഞ്ഞു കിടക്കുന്ന മരച്ചില്ലകൾക്കിടയിലൂടെ കാട അതിന്റെ ലഹരി ഞങ്ങളിലേക്കിറക്കി.

ചോല ഞങ്ങളെ ഉള്ളിലേക്ക്‌ വലിച്ചു കൊണ്ടിരുന്നു. കുറേയേറെ ചെന്നപ്പോൾ പച്ച നിറത്തിലുള്ള ഒഴുക്കിനൊപ്പം ഇലകൾ ചെരിച്ച്‌ വെച്ച ചെടികളാൽ ചോല നിറഞ്ഞു. ഇനി ഇതിൽ കൂടി നടന്നാൽ ഇടയിൽ എന്തേലും ഉണ്ടാവുമോ എന്ന ഭയവും? ഇലഞ്ഞിപ്പാറ യിൽ നിന്നും നമ്മൾ കുറേ അകലത്തിലാണെന്ന ഭയവും ഞങ്ങളേ പിറകിലേക്ക്‌ വലിച്ചു.

അവിടെ നിന്ന് ഞങ്ങളുടെ തിരിച്ചുള്ള പ്രയാണം ആരംഭിച്ചു…
വെള്ളച്ചാട്ടത്തിനു താഴെ ഞങൾ 3 പേർ, കാടിന്റെ ഗന്ധവും പേറി വെള്ളം ഞങളെ പുണർന്നൊഴുകി. മനസ്സ്‌ ശരീരത്തെ വേർപ്പെട്ട്‌ ഉയരങ്ങളിലേക്ക്‌ സഞ്ചരിച്ചു. ഹൃദയത്തെ കൂടി കഴുകി കൊണ്ട്‌ വെള്ളം കടന്നു പോയി.

വൈകും മുമ്പ്‌ കാടിറങ്ങണം എന്ന ചിന്തക്കൊപ്പം ഞങ്ങളും ഇറങ്ങി.

പിറകിൽ നടന്ന് തീർത്ത പാതയെ കാട്‌ വിഴുങാൻ തുടങ്ങിയിരുന്നു ഞങ്ങളേക്കാൾ മുമ്പിൽ ഞങ്ങളെ കഴുകിയ വെള്ളം പ്രയാണം തുടങ്ങിയിരുന്നു.

കുറച്ച്‌ ആൾക്കാരെ കൂടി കൂട്ടി ഒന്ന് കൂടി ഇങ്ങോട്ട്‌ വരണം ഈ വഴിയെ നശിപ്പിച്ച്‌ കൊണ്ടിരിക്കുന്ന പ്ലാസ്റ്റിക്‌ മാലിന്യങ്ങൾ പെറുക്കാൻ…

നിങ്ങൾ റെഡിയാണോ?!!!

ഗൗറ


“ചേട്ടാ… ഇതിനെന്താ വില?”
“ഏതിനു?”

“ഈ ഗൗറക്ക്‌..”

സ്ഫടിക ക്കൂട്ടിൽ ചെറിയ ഗ്ഗൗറ കുഞ്ഞുങ്ങൾ ഓടി നടക്കുന്നു. ആ പയ്യന്റെ നേരെ പുഞ്ചിരിയിൽ പൊതിഞ്ഞു “ജോടിക്കു 50 രൂപ “എന്ന വാക്കുകൾ കൂട്ടുകാരന്റെ വായിൽ നിന്ന് പറന്നു.

പാത്രത്തിൽ ഗൗറ കുഞ്ഞുങ്ങൾ  പെരുന്നാളിനു  വന്നു പോകുന്നവരുടെ മുഖങ്ങളിലേക്കു കണ്ണെറിഞ്ഞു ആരായിരിക്കും തങ്ങളുടെ പുതിയ ഉടമസ്ഥർ എന്ന സമസ്യക്ക് ഉത്തരം കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു…

“ഡാ പ്രവീ.. ”

“വീട്ടിലെ കിണറ്റിൽ വലിയ ഒരു ഗൗറ ഉണ്ടായിരുന്നു..”

“എന്നിട്ട്‌?”

“എന്നിട്ടെന്താ വയറു വീർത്തു ചത്തു പോയി…”

കൂടുതൽ സംഭാഷണത്തിലേക്കു കടക്കാൻ തോന്നാത്തത്‌ കൊണ്ട്‌ ആ വാചകങ്ങൾകൊടുവിൽ ഞങ്ങൾക്കിടയിൽ ഒരു മൗനം കൂടി ഇടം കണ്ടെത്തി.

പള്ളിക്ക പെരുന്നാളിനു വന്ന് പോകുന്നവരുടെ എണ്ണം അക്ഷയ പാത്രത്തിൽ വീണ അരിമണികൾ പോലെ കൂടി കൊണ്ടിരുന്നു.

ആ സ്റ്റാളിൽ മനസ്സിനെ ഉപേക്ഷിച്ച്‌ വീട്ടിലേക്ക്‌ നടന്നു.

കിണർ ഇപ്പോഴും അന്തേവാസികൾ ആരുമില്ലാതെ കിടക്കുന്നു.

മിനിഞ്ഞാന്നാണു വെള്ളം മോശമായി തുടങ്ങി എന്ന തോന്നലിൽ ഞാനും അനിയനും കൂടി കിണർ തേവിയത്‌.ഉള്ളിലെ ചെളി മൊത്തം അത്‌ പുറത്തേക്കു ശർദ്ദിച്ചു…

ഇപ്പോ വെള്ളം തെളിഞ്ഞു തുടങ്ങിയിരിക്കുന്നു.

ഇടയിൽ ആ ഗൗറ നീന്തി മുകളിലേക്കു വന്ന് എന്നെ നോക്കി നിന്നു.

പിള്ളേർ എറിഞ്ഞിട്ട വസ്തുക്കൾ മാറ്റി കഴിഞ്ഞപ്പോ തന്നെ കിണറും ശൂന്യത അനുഭവിക്കാൻ തുടങ്ങിയിരിക്കണം.

ശൂന്യത എന്റെ മനസ്സിലേക്കു കൂടി വ്യാപിച്ചു തുടങ്ങിയിരിക്കുന്നു.

വീണ്ടും ആ ഗൗറ വെള്ളത്തിനു മുകളിലെത്താൻ ശ്രമിച്ചു പരാചയപ്പെട്ട്‌ അടിയിൽ തെളിഞ്ഞു കണ്ട മണ്ണിലേക്കു പൂണ്ടുപോയി…
“ഉമ്മാ.. നമ്മടെ കിണറ്റിൽ ഉണ്ടായിരുന്ന ആ ഗൗറ മീനിനെ എവിടെയാ കുഴിച്ചിട്ടതെന്നോർക്കുന്നുണ്ടോ? ”

മറുപടിക്കു കാത്ത്‌ നിൽക്കാതെ ഞാൻ പള്ളിക്കലേക്കു തിരിച്ചു…

ഉത്തരം കിട്ടിയോ എന്നന്വേഷിക്കാതെ ഒരു ചോദ്യം കൂടി ഭൂമിയിൽ അവശേഷിച്ചു.
“എടാ എനിക്കും ഒരു ജോടി ഗൗറ…”

അവൻ രണ്ട്‌ ജോടി പൊതിഞ്ഞു തന്നിട്ട്‌ 20 രൂപ മാത്രം സ്വീകരിച്ചു…

“വളർത്തി വലുതാക്കി എനിക്കു തന്നെ തരണേ…”

എന്ന് കളിയായി പറഞ്ഞു.
കിണറിനെ ചൂഴ്‌ന്നിരുന്ന ശൂന്യതയിലേക്ക്‌ നാലു ഗൗറ കുഞ്ഞുങ്ങൾ അലിഞ്ഞു.

പണ്ടെന്നോ തന്റെ പൂർവ്വികന്റെ വാസസ്ഥലമായിരുന്നു ഇതെന്നറിയാതെ…

കുറുപ്പൻ


മുടി പോലെ തന്നെ വളർന്ന കാട്‌ നിറഞ്ഞ പറമ്പിലായിരുന്നു കുറുപ്പൻ എന്ന പേരിലൂടെ മാത്രം ഞാനറിഞ്ഞ അദ്ധേഹത്തിന്റെ വീട്‌. ഓർമ്മയുടെ താളുകളിൽ ഇപ്പോഴും ആ രൂപം നിറഞ്ഞു നിൽക്കുന്നു ബീഡിക്കറ പുരണ്ട പല്ലുകളെ അലങ്കരിക്കുന്ന ചിരി, പ്രായാധിക്യത്താൽ കൂനിയുള്ള നടത്തം പിന്നെ മടക്കി കുത്തിയ കള്ളിമുണ്ടും , എല്ലുന്തിയ മാറുകാണിക്കാൻ തുറന്നിട്ട ബട്ടൺസും തലേന്നടിച്ച കള്ളിന്റെ ഗന്ധവും..

രാവിലെ ഏഴ്‌ മണിയായാൽ വീടിനു മുമ്പിലെ ഇടുങ്ങിയ വഴിയുടെ അറ്റത്ത്‌ അദ്ധേഹത്തിന്റെ രൂപം പ്രത്യക്ഷപ്പെടും അതാണു മദ്രസയിലേക്ക്‌ ഓടാനുള്ള ഞങ്ങളുടെ അലാറം. കുറുപ്പൻ വീട്ടിലേക്ക്‌ വരുന്ന ദിനം പേടി പുതച്ച്‌ ഏതേലും കട്ടിനടിയിലായിരിക്കും ഞാൻ. മുടിവെട്ടുക എന്നത്‌ എന്തോ എന്നെ പേടിപ്പെടുത്തുന്ന സംഭവമായിരുന്നു, കട്ടിനടിയിൽ നിന്ന് ഉമ്മ പൊക്കിയെടുത്ത്‌ കസേരയുടെ മുകളിൽ കൊണ്ട്‌ പോയി പ്രതിഷ്ഠിക്കും പിന്നെ എന്റെ കരച്ചിൽ കൊണ്ട്‌ മനോഹരമായ അന്തരീക്ഷത്തിലൂടെ മുടികൾ ഓരോന്നായി പറക്കാൻ തുടങ്ങും…

വാ തുറന്നുള്ള കരച്ചിലിനെ ഓരോ മുടിയിഴയും മുറിക്കും പിന്നെ അത്‌ തുപ്പാനുള്ള ശ്രമത്തിൽ കരച്ചിൽ നിൽക്കും എല്ലാം കഴിഞ്ഞ്‌ അദ്ധേഹം മടങ്ങുക 20 രൂപയുമായാണു എത്രപേരുടെ മുടി വെട്ടിയാലും അതിൽ കൂടുതൽ വാങ്ങുന്നത്‌ ഞാൻ കണ്ടിട്ടില്ല..

പിന്നെ നേരെ പോയി കള്ള്‌ വാങ്ങി കുടിച്ച്‌ വീട്ടിലേക്ക്‌ മടങ്ങും…

ഇഷാ നമസ്ക്കാരത്തിനു പള്ളിയിൽ പോകുമ്പോൾ മുടിയേക്കാൾ ഉയരത്തിൽ വളർന്ന് നിൽക്കുന്ന് പുല്ലുകൾക്കുള്ളിൽ  റാന്തൽ വിളക്കിന്റെ വെളിച്ചത്തിൽ ഒതുങ്ങി നിൽക്കുന്ന വീട്‌ കാണാം ചീവീടുകളുടെ ശബ്ദം നിലച്ചാൽ കത്രികകൾ പരസ്പരം ചുമ്പിക്കുന്ന ശബ്ദവും കേൾക്കാം…

പുല്ലിൽ നിന്ന് കാടിലേക്ക്‌ കാലവും ആ പറമ്പും വളർന്നു , വീടിനെ വിഴുങ്ങി. 7 മണിയുടെ അലാറം നിലച്ചവിവരം പലരും അറിഞ്ഞത്‌ വൈകിയാണു. അത്മാവിനെ പരലോകത്തേക്ക്‌ മുടി വെട്ടാൻ പറഞ്ഞയച്ച്‌ ആ ശരീരം അവിടെ ഒരു നാൾ കൂടി വിശ്രമിച്ചു. പിന്നെ കാട്ടിലെ ഉണങ്ങി നിന്ന മരത്തോടൊപ്പം ആ ചിതയിൽ തന്നെ പുകയായുർന്നു…

ഞാൻ വളർന്നു എന്റൊപ്പം വളർന്ന മുടികൾ അങ്ങാടിയിലെ ബാർബർഷോപ്പുകളിൽ ഒടുങ്ങി..

ഇന്നത്തെ ഓട്ടം കഴിഞ്ഞു മടങ്ങിയത്‌ ആ വീടിനു മുമ്പിലൂടെയായിരുന്നു. വെറുതെ ഒന്ന് ചെവിയോർത്തു ചീവീടിന്രെ ശബ്ദത്തിനിടയിൽ വീണ്ടും ആശബ്ദം അത്‌ വളർന്നു കൊണ്ടിരുന്നു…

ഇപ്പോൾ ചുറ്റും കത്രികയുടെ ശബ്ദം മാത്രം…
ഗോപി എന്നായിരുന്നു അദ്ധേഹത്തിന്റെ പേർ…

ഉയിര്‍ത്തെഴുന്നേല്പ്പിന്റെ മൂന്ന് നാളുകള്‍ III


മൂന്നാം നാൾ

രണ്ട്  ദിവസത്തെ കാര്‍ യാത്ര ഒഴിവാക്കി ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ മൂന്നാം ദിവസം ബൈക്കില്‍ ഗോള്‍ഡന്‍ ടെംപിള്‍ ലക്ഷ്യമാക്കി യാത്ര തിരിച്ചു.

” two wheel can take your soul, four wheel can take your body”
സുഹൃത്തിന്റെ പുറകില്‍ കണ്ണടച്ച് ആത്മാവിന് ചെവികൊടുത്തിരുന്നു. കാടിന്‍ നടുവില്‍ തിരക്കൊഴിഞ്ഞ റോഡിലൂടെ വണ്ടി നീങ്ങി.പേരറിയാ ജീവികളുടെ ശബ്ദങ്ങള്‍ ചെവിയില്‍ തലോടിപോയി. ഗോള്‍ഡന്‍ ടെംപിളിനടുത്തുളള പാര്‍ക്കിങ്ങില്‍ വണ്ടി നിര്‍ത്തി ഇറങ്ങി.അടുത്തുളള ചോളക്കടയില്‍ നിന്ന് പുഴുങ്ങിയ ചോളം വാങ്ങി..

ചോളത്തിന്റെ ഗന്ധം അന്തരീക്ഷത്തില്‍ പടര്‍ന്നു.എവിടെ നിന്നെന്നറിയില്ല രണ്ട് നാടോടിപിള്ളേര്‍ വന്ന് കാലില്‍ പിടികൂടി ഭക്ഷണത്തിന് യാചിച്ചു. വായില്‍ വെക്കാനൊരുങ്ങിയ ചോളം അവര്‍ക്ക് നല്‍കി കൊതിയെ ത്യജിച്ചു.രണ്ട് പേരും കൂടി പങ്കിട്ട് കഴിക്കുന്നത് കണ്ടപ്പോള്‍ മറ്റെന്തോ വികാരം മനസ്സില്‍ നിറഞ്ഞു.യാത്രയുടെ ഒരു ഭാഗം ത്യാഗമാണ്.പലതും ത്യജിക്കാന്‍ തയ്യാറുള്ളവര്‍ക്കേ യാത്ര അതിന്റെ വിസ്മയങ്ങള്‍ തുറന്ന് കൊടുക്കൂ.
ഗോള്‍ഡന്‍ ടെംപിളിന്റെ കോമ്പൌണ്ട് കടന്നപ്പോള്‍ മറ്റേതോ രാജ്യത്ത് ഒറ്റപ്പെട്ട പ്രതീതി ചുറ്റും ബ്രൌെണ്‍ നിറം വസ്ത്രമാക്കിയ ബുദ്ധാുനുയായികള്‍.എല്ലാവരും തല മുണ്ഡനം ചെയ്തിരിക്കുന്നു. ഗോള്‍ഡന്‍ ടെംപിളിനോടുബന്ധിച്ച് മൂന്ന് ക്ഷേത്രങ്ങള്‍ കൂടി ഉണ്ടിവിടെ.ഞങ്ങള്‍ പ്രവേശിക്കുമ്പോള്‍ അവര്‍ പ്രാര്‍ത്ഥയിലാണ്.അടുത്തുള്ള വലിയ മണിയില്‍ നിന്ന് ആത്മീയതയിലേക്കുള്ള ശബ്ദം പ്രവഹിക്കുന്നു. കണ്ണടച്ച്
കഴിഞ്ഞപ്പോള്‍ ആള്‍ക്കൂട്ടത്തിിടയില്‍ പല തരം പെയിന്റിങ്ങുകളാല്‍ ചുറ്റപ്പെട്ട് നില്‍ക്കുന്ന ഞാന്‍…
പ്രാര്‍ത്ഥനമയമായ അന്തരീക്ഷം മന്ത്രോച്ചാരണങ്ങളുടെ നേരിയ ശബ്ദം കഴിഞ്ഞാല്‍ നിശബ്ദമായ അന്തരീക്ഷം..

നാമെന്തെന്ന തിരിച്ചറിവിലേക്ക് മനസ്സ് മടങ്ങി.

പുതിയൊരു ഉയിര്‍ത്തെഴുന്നേല്‍പ്പോടുകൂടി ആ ക്ഷേത്രത്തില്‍ നിന്ന് പടിയിറങ്ങി.
ഗോള്‍ഡന്‍ ടെംപിള്‍ കഴിഞ്ഞാല്‍ എന്തായാലും നാം സഞ്ചരിക്കേണ്ട മറ്റൊരിടമാണ് 2 km അപ്പുറത്തുള്ള മത്സ്യങ്ങള്‍ നിറഞ്ഞ തടാകം . അവിടെ ഒരു കുട്ടി ജിക്കുമ്പോള്‍ ഈ തടാകത്തില്‍ ഒരു മത്സ്യത്തെ നേര്‍ച്ചയാക്കും അതുകൊണ്ട് തന്നെ മത്സ്യങ്ങള്‍ തിങ്ങി നിറഞ്ഞ തടാകമാണിത്.അതിടുത്ത്  നിന്ന് തന്നെ അവയ്ക്കുള്ള തീറ്റയും കിട്ടും. ‘tiger ബിസ്കറ്റ്’അതും വാങ്ങി ആ തടാകത്തിന്റെ കരയിലിരുന്നു.ഓരോ കഷ്ണങ്ങളായി അടര്‍ത്തി വെള്ളത്തിലേക്ക് ഇട്ട് കൊണ്ടിരുന്നു.ഈ തീറ്റയും പ്രതിക്ഷിച്ച് രണ്ട് നായകള്‍, തടാകത്തിന്റെ കരയില്‍ തന്നെ ഉണ്ടായിരുന്നു. ബേപ്പൂര്‍ സുല്‍ത്താന്‍ പറഞ്ഞപോലെ ഭൂമിയുടെ അവകാശികള്‍ നമ്മള്‍ മാത്രമല്ല മറ്റുജീവജാലങ്ങളും കൂടിയാണെന്ന് മനസ്സിലോര്‍ത്ത് അവയ്ക്കും തീറ്റ കൊടുത്തു.

ഒരു യാത്രയുടെ അവസാനം ദാനം കൂടി ആയപ്പോള്‍ എന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ് പൂര്‍ണമായി.

തിരിച്ച് കോഴിക്കോടേക്ക് ബസ്സ് പിടിക്കുമ്പോഴേക്കും പകലിനെ തിന്ന രാവ് വളര്‍ന്നിരുന്നു.ഉറക്കം പുതച്ചുകൊണ്ട്

ആ രാവിലൂടെ കോഴിക്കോടേക്ക് ബസ്സ് ഊളിയിട്ടു…

ഉയിര്‍ത്തെഴുന്നേല്പ്പിന്റെ മൂന്ന് നാളുകള്‍ II


സിദ്ധാപുരത്തിന്റെ രണ്ടാം ദിനം  വീടിന്റെ മുറ്റത്ത് വീണുകിടക്കുന്നു.സുഹൃത്തുകളുമൊത്ത് ബാഡ്മിന്റണ്‍ കളിച്ച് ശരീരത്തെ ഉണര്‍ത്തി.പ്രഭാതഭക്ഷണം പെട്ടെന്ന് തീര്‍ത്ത് കാറില്‍ കയറി. സിദ്ധാപുരത്ത് നിന്ന്  തോല്‍പ്പെട്ടിയിലേക്കാണ് യാത്ര. കുടകിനെ കുറിച്ച് പണ്ടെന്നോ മനസ്സില്‍ കയറിയ ചിത്രമായിരുന്നു ഓറഞ്ച് തോട്ടങ്ങളൊക്കെ ഉള്ള നാടാണ് എന്ന്.പക്ഷേ ഇരുവശത്തും കാപ്പി തോട്ടങ്ങള്ക്കിടയിലാണ് അവിടിവിടെ ഓറഞ്ച് മരങ്ങളുള്ളത് .കാടും തോട്ടങ്ങളും പിന്നിട്ട് വണ്ടി തോല്‍പ്പെട്ടിയെ ലക്ഷ്യമാക്കി നീങ്ങി.മുമ്പില്‍ കറുത്ത പാമ്പുപോലെ റോഡ് വളഞ്ഞു പുളഞ്ഞ് പോകുന്നു.
തോല്‍പ്പെട്ടി വനത്തിന്റെ പ്രധാന സവിശേഷത മൃഗങ്ങളെ നഗ്ന നേത്രം  കൊണ്ട് കാണാമെന്നുള്ളതാണ്.മൃഗത്തെ അതിന്റെ ആവാസവ്യവസ്ഥയില്‍ നിന്ന്  കണ്ടാസ്വദിക്കുക എന്നത് ഇത്തിരി ശ്രമകരമാണ്. നമുക്ക് മുമ്പേ നമ്മുടെ ഗന്ധം അപായസൂചന  നല്‍കി കാട്ടിലൂടെ അലഞ്ഞിരിക്കും.ജീപ്പില്‍ കാട്ടിലൂടെ ട്രക്കിങ്ങ് നടത്തുന്നതിക്കോള്‍ ഉത്തമം കാല്‍ നടയായി കാടിനെ അറിയുക എന്നതാണ്.എന്നാല്‍ അതിനെള്ള സാഹചര്യം തോല്‍പ്പെട്ടിയിലില്ല.ജീപ്പ് ഞങ്ങളെയും വഹിച്ച് കാടിനുള്ളിലേക്ക് ഊളിയിട്ടു.മടങ്ങി വരുന്ന ജിപ്പിനുള്ളില്‍ നിന്നും ആന ഇറങ്ങി എന്ന വിവരം പ്രവഹിക്കുന്നുണ്ടായിരുന്നു , എന്നാല്‍ ഞങ്ങള്‍ക്ക് ദര്‍ശനം  നല്‍കാതെ ആനക്കൂട്ടം മടങ്ങി. കാട് അതിലും വലിയ അനുഭവം ഒരുക്കി വെച്ചിരുന്നു.സൂര്യനു മറ നിന്ന് കാര്‍മേഘം കാടിനെ ചുംബിക്കാന്‍ നൂല് അഴിച്ച് തുടങ്ങി.പ്രണയ തീവ്രതയില്‍ മഴയുടെ മുത്തം താങ്ങാനാവാതെ ഒരു മരം വണ്ടിക്കു മുന്നില്‍ കടപുഴുകി വീണു.കാടിനുള്ളില്‍ ഒറ്റപ്പെട്ട ജീപ്പ്…

ഭയത്തിനു പകരം മറ്റെതോ വികാരം മനസ്സില്‍ നിറഞ്ഞു.മഴ നൂല്‍ കുപ്പായമാക്കി ഡ്രൈവര്‍ക്കൊപ്പം ഞങ്ങള്‍  നീങ്ങി.കാടിന്റെ ഗര്‍ഭത്തില് കൈകാലടിച്ച്  കൊണ്ട്  ജീപ്പ് ഓണായി കാട്ടില് നിന്ന് നവജാതശിശുവിനെ പോലെ കറുത്ത റോഡിനു മുകളില്‍ വന്ന് വീണു.പിന്നിടാനുള്ള ദൂരങ്ങളിലേക്ക് ചൂണ്ടി കൊണ്ട് റോഡ് നീണ്ട്  നിവര്‍ന്ന് കിടന്നു.രാത്രിയെ ലക്ഷ്യമാക്കി ഉറക്കവും ചുമന്ന് ഞങ്ങള്‍ കര്‍ണാടക അതിര്‍ത്തി പിന്നിട്ടു.റൂമിലെത്തി കിടന്നപ്പോഴേക്കും പാതിരാക്കോഴി കൂവിയിരുന്നു.

(തുടരും)

Create a free website or blog at WordPress.com.

Up ↑